പ്രതീകാത്മക ചിത്രം 
NEWSROOM

വെള്ളച്ചാട്ടം കാണാനെത്തി, സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ചയിൽ വീണു; പെൺകുട്ടിയുടെ നില അതീവ ഗുരുതരം

ഹോം ഗാർഡിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ധോസേഗര്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ യുവതി സെല്‍ഫിയെടുക്കുന്നതിനിടെ ബൊരാനേ ഘട്ടിനടത്തുള്ള 60 അടി താഴ്ചയിലേക്ക് വീണു. യുവതിയെ ഹോം ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പൂനെ സ്വദേശിയായ നസ്രീന്‍ ആമിര്‍ ഖുറേഷിയാണ് കാല്‍വഴുതി 60 അടി താഴ്ചയിലേക്ക് വീണത്. യുവതിയെ പുറത്തെത്തിക്കുകയും ഉടന്‍ തന്നെ സത്താറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച പൂനെയില്‍ നിന്നുള്ള ഒരു സംഘം ധോസേഗര്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇതിനിടെ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതി 60 അടി താഴ്ചയിലേക്ക് വീണത്.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ തീവ്രമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ജിതേന്ദ്ര ദുദി ആഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള സന്ദര്‍ശനം നിരോധിച്ചിരുന്നു. മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതിനിടയിലാണ് യുവതി വലിയ താഴ്ചയിലേക്ക് കാല്‍ വഴുതി വീണത്.

SCROLL FOR NEXT