NEWSROOM

കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; പൂജ ഖേഡ്കറിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെടുത്തു

മുല്‍ഷിയില്‍ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിടെ മനോരമ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വിവാദ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേഡ്കറിന്‍റെ വീട്ടിൽ നിന്നും കർഷകരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റലും മൂന്ന് ബുള്ളറ്റുകളും പൂനെ പൊലീസ് പിടിച്ചെടുത്തു. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് പൂജയുടെ അമ്മ മനോരമ ഖേഡ്കറെ കഴിഞ്ഞ ദിവസം പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് തോക്ക് പിടിച്ചെടുത്തത്. മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തോക്കിന് ലൈസൻസ് ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലാണ്.

മുല്‍ഷിയില്‍ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിടെ മനോരമ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മനോരമയ്ക്കും മറ്റ് ആറുപേർക്കുമെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ കർഷകർ അന്ന് തന്നെ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന ആരോപണവും ഉണ്ട്.

ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ മനോരമ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയില്‍ മനോരമ തോക്ക് ചൂണ്ടി ഒരു കര്‍ഷകനോട് ഭൂമിയുടെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പൂജ ഖേഡ്കറുടെ പിതാവ് ദിലീപ് ഖേഡ്കറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

വ്യാജരേഖ നല്‍കി സര്‍വീസില്‍ പ്രവേശിച്ചെന്ന ഗുരുതര ആരോപണത്തില്‍ നിയമ നടപടി നേരിടുകയാണ് പൂജ ഖേഡ്കര്‍. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഐഎഎസ് പരിശീലനം അവസാനിപ്പിച്ച് അക്കാദമിയില്‍ തിരികെയെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍.

SCROLL FOR NEXT