പൂനെ പോർഷെ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും തിരികെ കസ്റ്റഡിയിൽ എടുത്ത് ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചത് തടവിലാക്കുന്നതിന് തുല്യമാണോയെന്ന് ബോംബെ ഹൈക്കോടതി ചോദിച്ചു. അപകടം ദൗർഭാഗ്യകരമാണെന്നും, നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. പൂനെ പോർഷെ കാർ അപകടത്തിൽ സംഭവിച്ചത് എന്ത്? പരിശോധിക്കാം.
കഴിഞ്ഞ മാസം ഒരു ഞായറാഴ്ച പുലർച്ചെ രണ്ടേകാലോടെയാണ്, നാടിനെ നടുക്കിയ അപകടമുണ്ടാകുന്നത്. ഒരു പതിനേഴ് വയസുകാരൻ 200 കിലോമീറ്ററോളം വേഗതയിലോടിച്ച പോർഷെ കാറിടിച്ച്, ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ, ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. സംഭവത്തിൽ പൊലീസ് പിടികൂടിയതാകട്ടെ 17 വയസ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും. വളരെ വൈകാതെ തന്നെ കാറോടിച്ച ആ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ പേരിന് ഒരു അറസ്റ്റ് മാത്രമായിരുന്നു അത്.
അറസ്റ്റ് രേഖപ്പെടുത്തി 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത രീതിയിൽ ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാക്കുക തുടങ്ങിയ ഉപാധികൾ മുന്നോട്ട് വെച്ചായിരുന്നു റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ വിശാൽ അഗർവാളിന്റെ മകന് കോടതി ജാമ്യം നല്‍കിയത്. എന്നാൽ ദുർബല വ്യവസ്ഥകളോടെയുള്ള ജാമ്യം വ്യാപക പ്രതിഷേധത്തിനു കാരണമായതിനു പിന്നാലെയാണ് പുണെ പൊലീസ് കടുത്ത നടപടികളുമായി രംഗത്തെത്തിയത്.
അപകടത്തിന് പിന്നാലെ പ്രതിയായ 17കാരന്റെ രക്തസാമ്പിൾ മാറ്റിനൽകിയ കേസിൽ പിതാവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. 17കാരന്റെ രക്തസാമ്പിളുകൾ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിന് സസൂൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, അതുൽ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന അച്ഛൻ വിശാൽ അഗർവാളിനെ ഔറംഗാബാദിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
പുണെയിലെ പ്രമുഖ കെട്ടിട നിർമാതാവായ വിശാലിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളുടെ കാര്യങ്ങളിലുള്ള മനഃപൂർവമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്തയാൾക്ക് ലഹരിപദാർഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയതിനു കോസി എന്ന റസ്റ്റോറന്റിന്റെ ഉടമ പ്രഹ്ലാദ് ഭൂട്ട, മാനേജർ സച്ചിൻ കട്കർ, ബ്ലാക്ക് എന്ന ഹോട്ടലിലെ മാനേജർ സന്ദീപ് സാംഗിൾ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അങ്ങനെയിരിക്കെ, പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ല എന്ന പരിശോധനാഫലം പുറത്ത് വന്നു.
എന്നാൽ അതിന് തൊട്ടുപിന്നാലെ, പ്രതി പബ്ബിലിരുന്നു മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. കേസിൽ പുണെ പൊലീസ് ഒത്തുകളിക്കുകയാണെന്നും കെട്ടിട നിർമാതാവിന്റെ സ്വാധീനം ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും ശക്തമായ ആരോപണങ്ങളും ഉയർന്നു. അതേസമയം ഈ കേസുകളൊക്കെ നിലനിൽക്കെ കൂടുതൽ തെളിവുകൾ ഈ പതിനേഴുകാരനെതിരെ വീണ്ടും ലഭിച്ചു. അപകടത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. രണ്ട് പബ്ബുകളിലായി 90 മിനിട്ടുകൊണ്ട് 48000 രൂപയാണ് ഈ 17കാരന്‍ ചെലവഴിച്ചത്. ശനിയാഴ്ച രാത്രി 10:40-ഓടെ കോസി എന്ന ആദ്യ പബ്ബിലും, പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17കാരനും സംഘവും പോയത്. കോസി പബ്ബിലെ ജീവനക്കാര്‍ ഇവര്‍ക്ക് മദ്യം നല്‍കുന്നത് നിര്‍ത്തിയതോടെയാണ് അടുത്ത പബ്ബ് തേടി ഇവര്‍ പോയത്.
എന്നാലിപ്പോൾ ഈ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും തിരികെ കസ്റ്റഡിയിൽ എടുത്ത് ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചത് തടവിലാക്കുന്നതിന് തുല്യമാണോയെന്ന് ബോംബെ ഹൈക്കോടതി ചോദിച്ചിരിക്കുകയാണ്. അപകടം ദൗർഭാഗ്യകരമാണെന്നും നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. “രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അത് ആഘാതമുണ്ടാക്കി, പക്ഷേ കുട്ടിയും അതേ ആഘാതത്തിൽ തന്നെയായിരുന്നെന്നും കോടതി പറഞ്ഞു.