NEWSROOM

Punjab Kings vs Kolkata Knight Riders | നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത; പഞ്ചാബിന്റെ കിംഗായി ചഹല്‍

ഇരു ടീമുകളുടേയും ബാറ്റിങ് നിര പൂര്‍ണമായി തകര്‍ന്നപ്പോള്‍ ബൗളര്‍മാര്‍ മിന്നും പ്രകടനം കാഴ്ചവെച്ചു

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 112 റണ്‍സ് എന്ന വിജയലക്ഷ്യത്തിനു മുന്നില്‍ കിതച്ചു വീണ് കൊല്‍ക്കത്ത. ആവേശപ്പോരാട്ടത്തില്‍ കെകെആറിനെ 16 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ്. യുസ്‌വേന്ദ്ര ചഹലിന്റേയും മാര്‍ക്കോ യാന്‍സന്റെയും ബൗളിങ്ങിനു മുന്നില്‍ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തകര്‍ന്നടിയുകയായിരുന്നു. ചഹല്‍ 4 വിക്കറ്റും യാന്‍സന്‍ 3 വിക്കറ്റും നേടി.

കൊല്‍ക്കത്തയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ബാറ്റിങ്ങായിരുന്നു പഞ്ചാബിന്റേത്. ബൗളര്‍മാരുടെ കിടിലന്‍ പ്രകടനമാണ് തോറ്റെന്ന് കരുതിയ മത്സരം ജയത്തിലേക്ക് എത്താന്‍ പഞ്ചാബിനെ സഹായിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും അത് തുടരാനായില്ല.

20 പന്തില്‍ 39 റണ്‍സ് അടിച്ച് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാനും മികച്ച തുടക്കം പഞ്ചാബിന് നല്‍കിയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ പഞ്ചാബിന്റെ ബാറ്റിങ് തകര്‍ച്ചയും തുടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റണ്‍സ് പോലും നേടാനാകാതെ മടങ്ങി. ജോഷ് ഇംഗ്ലിസ് (2), നേഹല്‍ വധേര (10), ഗ്ലെന്‍ മാക്സ്വെല്‍ (7), ഇപാക്റ്റ് പ്ലെയറായെത്തിയ സൂര്യാന്‍ഷ് ഷെഡ്ഗെ (4) എന്നിവരും പ്രതീക്ഷ കാത്തില്ല. ശശാങ്ക് സിങ് (18), സേവ്യര്‍ ബാര്‍ട്ട്ലെറ്റു (11) മാണ് റണ്‍സ് രണ്ടക്കം കടത്തിയത്.

പഞ്ചാബിനു വേണ്ടി പ്രഭ്‌സിമ്രാന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 15 പന്തില്‍ 30 റണ്‍സ് നേടി. പഞ്ചാബിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത് ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നുമാണ്. റാണ മൂന്ന് വിക്കറ്റും വരുണും നരെയ്‌നും രണ്ട് വീതം വിക്കറ്റും നേടി.

ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തില്‍ കണ്ടത്. ഇരു ടീമുകളുടേയും ബാറ്റിങ് നിര പൂര്‍ണമായി തകര്‍ന്നപ്പോള്‍ ബൗളര്‍മാര്‍ മിന്നും പ്രകടനം കാഴ്ചവെച്ചു.

വെറും 112 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ആത്മവിശ്വാസത്തോടെ ഇറങ്ങിയ കൊല്‍ക്കത്തയുടെ ബാറ്റര്‍മാരെ ഞെട്ടിക്കുന്ന പ്രകടനമാണ് ചഹലും കൂട്ടരും നടത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി ചഹല്‍ നേടിയത് 4 വിക്കറ്റാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലേ പിഴച്ചു. ഏഴ് റണ്‍സിനിടെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സുനില്‍ നരെയ്ന്‍ (5), ക്വിന്റണ്‍ ഡീ കോക്ക് (2) എന്നിവര്‍ മടങ്ങി. പിന്നീട് അജിങ്ക്യ രഹാനെ-രഘുവന്‍ഷി സഖ്യം 55 റണ്‍സ് കൊല്‍ക്കത്തയ്ക്ക് വേണ്ടി നേടി. എട്ടാം ഓവറില്‍ ചഹലിന്റെ പന്തില്‍ രഹാനെ പുറത്തായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പിന്നാലെ ചഹല്‍ രഘുവന്‍ഷിയേയും മടക്കി.

വെങ്കടേഷ് അയ്യര്‍ (7), റിങ്കു സിങ് (2), രമണ്‍ദീപ് സിങ് (0), ഹര്‍ഷിത് റാണ (3), വൈഭവ് അറോറയും (0) എന്നിങ്ങനെയാണ് കൊല്‍ക്കത്ത ബാറ്റര്‍മാരുടെ സമ്പാദ്യം. 15.1 ഓവറില്‍ 95 റണ്‍സിന് കൊല്‍ക്കത്തന്‍ നിരയിലെ എല്ലാവരും പുറത്തായി.

SCROLL FOR NEXT