NEWSROOM

അരവിന്ദ് കെജ്‌രിവാളിന് ഇനി അധിക സുരക്ഷയില്ല; ഉത്തരവ് പിൻവലിച്ച് പഞ്ചാബ് പൊലീസ്

കെജ്‌രിവാളിന് ഡൽഹി പൊലീസിൻ്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ലഭിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അധിക സുരക്ഷ പിൻവലിച്ച് പഞ്ചാബ് പൊലീസ്. കെജ്‌രിവാളിന് ഡൽഹി പൊലീസിൻ്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ലഭിച്ചിരുന്നത്. ഇതിന് കീഴിൽ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥർ, രണ്ട് അകമ്പടിക്കാർ, വാച്ചർ, സായുധ ഗാർഡുകൾ, ഫ്രിസ്‌കിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ 60 ഓളം ഉദ്യോഗസ്ഥരെയാണ് അധിക സുരക്ഷ പ്രകാരം ലഭിച്ചിരുന്നത്. ഉത്തരവ് നിർത്തലാക്കുന്നതോടെ ഇതുവരെ ലഭിച്ച അധിക സുരക്ഷ ഇല്ലാതാകും.

അതേസമയം, ഹരി നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ തൻ്റെ കാറിന് നേരെ വീണ്ടും ആക്രമണം നടത്തിയതായി കെജ്‌രിവാൾ ആരോപിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു തൻ്റെ വാഹനത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി എന്ന വിവരം കെജ്‌രിവാൾ പുറത്തുവിട്ടത്. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ബിജെപി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്‌ദാനം ചെയ്തുകൊണ്ട് രാഷ്ട്രീയത്തിലെത്തിയ ആൾ ഇപ്പോൾ അതിൻ്റെ രാജാവായി മാറിയെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ പരിഹസിച്ചു. നുണ പറയുന്ന മന്ത്രിമാർക്കായി ഒരു മത്സരമുണ്ടെങ്കിൽ അരവിന്ദ് കെജ്‌രിവാൾ വിജയിക്കുമായിരുന്നുവെന്നും നദ്ദ കുറ്റപ്പെടുത്തി.

SCROLL FOR NEXT