NEWSROOM

'പുഷ്പ 2' കാണാനെത്തിയ വീട്ടമ്മ മരിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Author : ന്യൂസ് ഡെസ്ക്


ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 'പുഷ്പ 2' കാണാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദ് പൊലീസാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മുന്നറിയിപ്പൊന്നുമില്ലാതെ നടൻ അല്ലു അർജുൻ തീയേറ്ററിൽ സിനിമ കാണാനെത്തിയതിനെ തുടർന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അർജുൻ തീയേറ്ററിലെത്തിയതെന്നാണ് ഉയരുന്ന ആരോപണം.

അല്ലു അർജുൻ തിയേറ്റർ സന്ദർശിക്കുമെന്ന് തിയേറ്റർ മാനേജ്‌മെൻ്റിൻ്റെയോ താരത്തിൻ്റേയോ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി. ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. തിയേറ്റർ നടത്തിപ്പുകാർക്ക് അല്ലുവിൻ്റെ സന്ദർശനത്തെ കുറിച്ച് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും പ്രത്യേക പ്രവേശനമോ എക്സിറ്റോ ഒരുക്കിയിരുന്നില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് (39) വ്യാഴാഴ്ച രാവിലെ മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി സന്ധ്യാ തിയേറ്ററില്‍ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. അല്ലു അർജുനെ കാണാനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രേവതിയുടെ ഒപ്പമുണ്ടായിരുന്ന മകന്‍ തേജും ബോധം കെട്ട് വീണിരുന്നു.

SCROLL FOR NEXT