NEWSROOM

പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന സംഭവം; മകന്‍ ആഷിഖിനെ റിമാന്‍ഡ് ചെയ്തു

മയക്കുമരുന്നിന് അടിമയായ ആഷിഖ് ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പുതുപ്പാടിയില്‍ അമ്മയെ വെട്ടിക്കൊന്ന കേസില്‍ മകന്‍ ആഷിഖിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുന്ദമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ആഷിഖിനെ ഹാജരാക്കിയത്. ശനിയാഴ്ച രാവിലെയാണ് പുതുപ്പാടിയില്‍ സുബൈദയെ ലഹരിക്ക് അടിമയായ മകന്‍ ആഷിഖ് വെട്ടിക്കൊന്നത്.

സുബൈദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബൈദയുടെ സ്വന്തം നാടായ അടിവാരത്ത് ഖബറടക്കം നടക്കും. അമ്മയോടുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് ആഷിഖ് പൊലീസിന് മൊഴി നല്‍കിയത്. പലതവണയായി പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതും, സ്വത്ത് വില്‍പ്പന നടത്താതുമാണ് പകയ്ക്ക് കാരണം. കൊലപാതകം നടന്ന വീട്ടില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി.

മയക്കുമരുന്നിന് അടിമയായ ആഷിഖ് ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ മാതാവിനെ കാണാന്‍ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ പുതുപ്പാടിയിലെ വീട്ടില്‍ വിശ്രമത്തിലായായിരുന്നു സുബൈദ. ഇവിടെ എത്തിയാണ് ആഷിഖ് കൊല നടത്തിയത്. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് കൊടുവാള്‍ വാങ്ങി കൃത്യം നടത്തുകയായിരുന്നു.

കൊലപാതകം നടന്ന പുതുപ്പാടിയിലെ വീട്ടില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വെട്ടുകത്തിയും വിരളടയാളങ്ങളും ശേഖരിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

SCROLL FOR NEXT