NEWSROOM

പുതുപ്പള്ളി കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്‍റെ പേര് തന്നെ; ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പുതിയ സിവില്‍ സ്റ്റേഷന്‍: മന്ത്രി എം.ബി രാജേഷ്

ഇഎംഎസിന്റെ സ്മാരകം മാത്രമേ പാടുള്ളൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

കോട്ടയം പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്‍റെ പേര് തന്നെ. നവീകരിച്ച കമ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. അതേസമയം പുതുപ്പള്ളിയിൽ പണിയുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കമ്യൂണിറ്റി ഹാളിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.

കോണ്‍ഗ്രസിന്‍റെ എതിർപ്പുകളെ അവഗണിച്ച് പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഭരണസമിതി ഇഎംഎസിന്‍റെ പേര് തന്നെ ഒടുവില്‍ നല്‍കുകയായിരുന്നു. ഇഎംഎസിന്റെ സ്മാരകം മാത്രമേ പാടുള്ളൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും പുതുപ്പള്ളിയിൽ പണികഴിപ്പിക്കുന്ന പുതിയ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.


പുതുപ്പള്ളിയിലെ ഇഎംഎസ് സ്മാരക ഹാളും ഉമ്മൻചാണ്ടിയുടെ പേരിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷനും രാഷ്ട്രീയ സഹിഷ്ണുതയുടെ ഉദാഹരണമായി നിലനിൽക്കുമെന്നും വിവാദങ്ങൾ അനാവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഇ.എം.എസിനോട് താരതമ്യം ചെയ്യാൻ മലയാളക്കരയിൽ മറ്റൊരാൾ ഇല്ലെന്നും എന്തുകൊണ്ടും കമ്യൂണിറ്റി ഹാളിന് അന്വർഥമായ പേര് ഇഎംഎസിന്‍റെത് തന്നെയാണെന്നുമുള്ള വാചകങ്ങളിൽ കമ്യൂണിറ്റി ഹാളിന് മുന്നിൽ സിപിഎം ഫ്ലക്സ്ബോർഡ് സ്ഥാപിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

SCROLL FOR NEXT