NEWSROOM

യുക്രെയ്നുമായി നേരിട്ട് ചർച്ചയ്ക്ക് ഒരുക്കമെന്ന് പുടിൻ; സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം റഷ്യ അവസാനിപ്പിച്ചാൽ ആലോചിക്കാമെന്ന് സെലൻസ്‌കി

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡൻ്റ് ട്രംപ് നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി.

Author : ന്യൂസ് ഡെസ്ക്


ഈസ്റ്റർ പ്രമാണിച്ച് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിർത്തൽ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്നുമായി യുദ്ധം ആരംഭിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ. കൂടുതൽ വെടിനിർത്തൽ ഉടമ്പടികൾക്ക് ഒരുക്കമാണെന്നും പുടിൻ വ്യക്തമാക്കി. നിലവിൽ റഷ്യ ഈസ്റ്റർ വെടിനിർത്തലിന് ശേഷം ആക്രമണങ്ങൾ പുനരാരംഭിച്ചതായും പുടിൻ അറിയിച്ചു.



ഈസ്റ്റർ സമയത്തെ വെടിനിർത്തൽ സമയം അവസാനിച്ചതിന് പിന്നാലെ റഷ്യൻ ദേശീയ മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡൻ്റ് ട്രംപ് നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി.



അതേസമയം, യുക്രെയ്നിലെ സാധാരണക്കാരുടെ താമസസ്ഥലങ്ങൾക്ക് നേരായ റഷ്യൻ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുക്കമാണോ എന്നതിന് വ്യക്തമായ മറുപടി ലഭിക്കണമെന്നും മോസ്കോ ഇക്കാര്യം വിശകലനം ചെയ്യണമെന്നും പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി തിങ്കളാഴ്ച മറുപടി നൽകി. "കുറഞ്ഞത് സാധാരണ പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ആക്രമിക്കരുതെന്ന നിർദ്ദേശം യുക്രെയ്ൻ പാലിക്കാറുണ്ട്. മോസ്കോയിൽ നിന്ന് വ്യക്തമായ ഉത്തരം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇരുവശത്തും ഇതെങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഏത് സംഭാഷണത്തിനും ഞങ്ങൾ തയ്യാറാണ്," സെലൻസ്‌കി തിങ്കളാഴ്ച വൈകീട്ടത്തെ പ്രസംഗത്തിൽ പറഞ്ഞു.

നേരത്തെ ഈസ്റ്റർ പ്രമാണിച്ച് പുടിൻ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിർത്തൽ റഷ്യൻ സൈന്യം ലംഘിച്ചെന്ന് സെലൻസ്കി ആരോപിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ശനിയാഴ്ച റഷ്യൻ പീരങ്കിപ്പട ആക്രമണം തുട‍ർന്നതായി യുക്രെയ്ൻ പ്രസിഡന്റ് അറിയിച്ചു. റഷ്യയുടെ വാക്കിന് വിശ്വാസ്യതയില്ലെന്നും സെലൻസ്കി എക്സിൽ കുറിച്ചു.

SCROLL FOR NEXT