NEWSROOM

ട്രംപിന് നേരെ വധശ്രമമുണ്ടായപ്പോൾ പുടിൻ പള്ളിയിൽ പോയി പ്രാർഥിച്ചു; സ്റ്റീവ് വിറ്റ്കോഫ്

പുടിനെ ഒരു "പ്രതിഭ" എന്നും "ശക്തനായ നേതാവ്" എന്നുമാണ് ട്രംപ് വിശേഷിപ്പിക്കാറ്

Author : ന്യൂസ് ഡെസ്ക്


ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ ക്ഷേമത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രാർഥിച്ചുവെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ വിറ്റ്കോഫ് പറഞ്ഞു. പുടിന്റെ ഈ പ്രവൃത്തി ആശങ്കയിൽ നിന്നുണ്ടായത് മാത്രല്ലെന്നും രണ്ട് നേതാക്കൾ തമ്മിലുള്ള സൗഹൃദത്തിൻ്റെ അടയാളമാണെന്നും സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. പുടിനുമായുള്ള തന്റെ രണ്ടാമത്തെ കൂടിക്കാഴ്ച വിവരിക്കുന്നതിനിടെയാണ് വിറ്റ്കോഫ് ഈ കഥ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റപ്പോൾ, പുടിൻ പ്രാദേശിക പള്ളിയിൽ പോയി പുരോഹിതനെ കണ്ട് അദ്ദേഹത്തിനായി പ്രാർഥിച്ചു. ട്രംപുമായി പുടിന് നല്ല സൗഹൃദമുണ്ട്. ഈ കാര്യം ട്രംപിനോട് പറഞ്ഞപ്പോൾ അദ്ദേഹവും അതേ രീതിയിലാണ് മറുപടി പറഞ്ഞതെന്നും സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.

പെൻസിൽവാനിയയിലെ ബട്‌ലറിന് സമീപം പ്രചരണറാലിയിൽ പങ്കെടുക്കവേയാണ് ട്രംപിനു നേരെ വെടിവെപ്പുണ്ടായത്. തോമസ് മാത്യൂ ക്രൂക്സെന്ന 20 വയസുകാരനാണ് വെടിവെച്ചത്. ആക്രമണത്തിൽ ട്രംപിൻ്റെ വലത് ചെവിക്ക് പരിക്കു പറ്റിയിരുന്നു.

മുൻപ് റഷ്യൻ കലാകാരനെക്കൊണ്ട് വരപ്പിച്ച ട്രംപിന്റെ മനോഹരമായ ഛായാചിത്രവും പുടിൻ സമ്മാനമായി നൽകിയിരുന്നു. റഷ്യൻ നേതാവിനോട് ട്രംപും പലതവണ ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. പുടിനെ ഒരു "പ്രതിഭ" എന്നും "ശക്തനായ നേതാവ്" എന്നുമാണ് ട്രംപ് വിശേഷിപ്പിക്കാറെന്നും സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. അതേസമയം, യുക്രെയ്നിൽ റഷ്യ നടത്തുന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പുടിനും ട്രംപും തമ്മിലുള്ള ബന്ധം വിമർശനങ്ങൾക്കിടയാക്കാറുണ്ട്.

SCROLL FOR NEXT