NEWSROOM

ജോയ് പിന്തള്ളപ്പെട്ടത് ഗോഡ്‌ഫാദര്‍ ഇല്ലാത്തതിനാൽ, ഷൗക്കത്തിൻ്റെ സ്ഥാനാർഥിത്വം പരിശോധിച്ച ശേഷം മത്സരിക്കുന്ന കാര്യം തീരുമാനിക്കും: അൻവർ

"ആര്യാടൻ ഷൗക്കത്തിനെപ്പറ്റി നിലമ്പൂരിലെ ജനങ്ങളുടെ അഭിപ്രായം തനിക്കറിയാം. ഇടത് സ്ഥാനാർഥിയാകാൻ രണ്ട് മാസം മുമ്പ് വരെ ശ്രമിച്ചയാളാണ്"

Author : ന്യൂസ് ഡെസ്ക്

നിലമ്പൂരിലെ കോൺഗ്രസിൻ്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി പി.വി. അൻവർ. നിലമ്പൂരിൽ യുഡിഎഫിന് മികച്ച സ്ഥാനാർഥി വി.എസ്. ജോയ് എന്ന് ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അൻവർ പ്രതികരിച്ചു. ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്തുണ യുഡിഎഫിന് കുറയുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെ നിർത്താനുള്ള അവസരമായിരുന്നു ഇതെന്നും അൻവർ പ്രതികരിച്ചു.

വി.എസ്. ജോയിക്ക് കോൺഗ്രസിൽ ഗോഡ്ഫാദർമാരില്ലാത്തതുകൊണ്ടാണ് സ്ഥാനാർഥിയാക്കാത്തതെന്ന് അൻവർ പ്രതികരിച്ചു. കോൺഗ്രസിൽ ഒതുക്കപ്പെട്ട നേതാവാണ് ജോയ്. ജോയിക്ക് മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു. ജോയ് പിന്തള്ളപ്പെട്ടത് മലയോര കർഷകനായതുകൊണ്ടാണ്. ജോയിയെ ഒഴിവാക്കിയതിലൂടെ തഴയപ്പെട്ടത് മലയോര മേഖലയാകെയാണെന്നും അൻവർ പ്രതികരിച്ചു.

നിലമ്പൂരിൽ ജനവികാരം ആര്യാടൻ ഷൗക്കത്തിന് എതിരാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിനെപ്പറ്റി നിലമ്പൂരിലെ ജനങ്ങളുടെ അഭിപ്രായം തനിക്കറിയാം. ഇടത് സ്ഥാനാർഥിയാകാൻ രണ്ട് മാസം മുമ്പ് വരെ ശ്രമിച്ചയാളാണ് ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസ് തീരുമാനിച്ചത് വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയെയാണ്. ആര്യാടൻ ഷൗക്കത്തിന് പിണറായിസത്തെ തോൽപ്പിക്കാനാകില്ല. സിപിഐഎമ്മുമായി നല്ല സൗഹൃദത്തിൽ പോകുന്നയാളാണ്. ദേശാഭിമാനി വേദിയിൽ പോകുന്ന വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ്. സിപിഐഎമ്മിനെ വിമർശിക്കുന്ന ഒരു പ്രസ്താവന ഷൗക്കത്ത് ഈയടുത്തൊന്നും നടത്തിയിട്ടില്ലെന്നും പി.വി. അൻവർ പറഞ്ഞു.

അൻവറിൻ്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച ചോദ്യത്തിന്, രണ്ട് ദിവസം ഷൗക്കത്തിൻ്റെ സ്ഥാനാർഥിത്വം തൃണമൂൽ പഠിക്കും, അതിന് ശേഷം തീരുമാനമെടുക്കുമെന്ന് അൻവർ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ഇത് സംബന്ധിച്ച് തൃണമൂൽ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. നിലമ്പൂരിലെ ജനങ്ങളുമായും സാമൂഹിക- സമുദായ നേതാക്കളുമായും സംസാരിക്കും. മുസ്ലീം ലീഗ് നേതൃത്വവുമായി ആശയവിനിമയം തുടരുന്നുണ്ട്. അടുത്ത രണ്ട് ദിവസം യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നും അൻവർ പറഞ്ഞു.

സിപിഐഎമ്മിൻ്റെ സ്ഥാനാർഥിയെ സംബന്ധിച്ച ചോദ്യത്തിന് ജാതിയും മതവും അടിയാധാരവും പരിശോധിച്ചാണ് സിപിഐഎം സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്ന് അൻവർ പറഞ്ഞു. പക്കാ വർഗീയ നിലപാടാണ് സിപിഐഎം നിലമ്പൂരിൽ പ്രയോഗിക്കാൻ പോകുന്നത്. ഈ പിണറായിസം ഇനി കേരളത്തിൽ ആവർത്തിക്കാൻ പാടില്ലെന്നും അൻവർ പറഞ്ഞു.

SCROLL FOR NEXT