താൻ ഉന്നയിച്ച ആരോപണങ്ങൾ തനിക്കെതിരെ തന്നെ വളച്ചൊടിക്കുന്നതായി പി.വി. അൻവർ എംഎൽഎ. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ഭാഗത്തുനിന്ന് നീക്കമില്ലാത്തതിനാലാണ് താൻ തന്നെ നേരിട്ട് അന്വേഷണത്തിനിറങ്ങിയത്. ഇതിൻ്റെ ഭാഗമായി സ്വർണക്കടത്തുകാരോടും കേസിൽ അറസ്റ്റിലായവരോടും സംസാരിച്ചിട്ടുണ്ട്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പാർട്ടി ഉറപ്പ് നൽകിയത്. എന്നാൽ അത് ലംഘിക്കപ്പെട്ടു. ഇനി നിയമപോരാട്ടം ഹൈക്കോടതിയിലേക്കാണെന്നും അൻവർ കൂട്ടിച്ചേർത്തു.
കള്ളക്കടത്തുകാരനെ മഹത്വവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്രിക്ക് പലതും പറയാമായിരുന്നു. എന്നാൽ തന്നെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയാണ് ഉണ്ടായത്. കത്ത് നൽകിയിരുന്നതിനാൽ പാർട്ടി ഈ നിലപാട് തിരുത്തുമെന്നാണ് കരുതിയത്. എന്നാൽ വിപരീതമായാണ് സംഭവിച്ചതെന്നും അൻവർ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ അഭ്യർത്ഥന മാനിച്ച് താൽക്കാലികമായി പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പി.വി അൻവർ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പി.ശശിക്ക് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് വീണ്ടും വാർത്താസമ്മേളനം നടത്താൻ തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വാർത്താസമ്മേളന വിവരം അറിയിച്ച അൻവർ ഒറ്റയാൾ പോരാട്ടമാണെങ്കിലും താനത് തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് നടത്തിയത്.
READ MORE: ചോര നീരാക്കി ജയിപ്പിച്ച നിലമ്പൂരിലെ സഖാക്കളെ തള്ളി പറയില്ല: 'ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ലെ'ന്ന് പറഞ്ഞിട്ടില്ല: പി.വി. അൻവർ
മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുഭാവപൂർണമായ നിലപാട് തുടരുമെന്നാണ് അൻവർ പ്രതീക്ഷിച്ചിരുന്നത്. അതിനാലാണ് ശത്രുക്കളുടെ കയ്യിലെ ആയുധമാകുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം പാലിക്കാൻ അൻവർ തയാറായത്. എന്നാൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ പി.ശശിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനൊപ്പം അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് വീണ്ടും രംഗത്തിറങ്ങാനുള്ള അൻവറിൻ്റെ തീരുമാനം. സിപിഎം പാർലമെന്ററി പാർട്ടി യോഗം അൻവറിന്റെ പരസ്യ പ്രതികരണമടക്കമുള്ളവ ചർച്ച ചെയ്യുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. താൻ ഉന്നയിച്ച വിഷയങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിൽ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പി.വി. അൻവർ സ്വീകരിച്ചത്. തന്നെ തെരഞ്ഞെടുത്ത ജനങ്ങളോട് മാത്രമാണ് ഉത്തരവാദിത്തമെന്ന നിലപാട് വ്യക്തമാക്കി അടുത്ത മാസം 5 ന് നിലമ്പൂരിൽ നയവിശദീകരണ യോഗം നടത്താനും അൻവർ തീരുമാനിച്ചിട്ടുണ്ട്.