NEWSROOM

'സിപിഐ നേതാക്കള്‍ കാട്ടുകള്ളന്മാര്‍; ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് ലീഗിന് വിറ്റു': വീണ്ടും അന്‍വര്‍

തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത് എൽഡിഎഫിൻ്റെ നിർദേശപ്രകാരമാണ്. താൻ സ്വതന്ത്രനായി മത്സരിച്ചതല്ല, മത്സരിപ്പിച്ചതാണെന്നും അൻവർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിപിഐക്കെതിരെ പി.വി. അൻവർ എംഎൽഎ. ഏറനാട് സീറ്റ് വിറ്റു, വ്യാപകമായി പണപ്പിരിവ് നടത്തി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് സിപിഐക്കെതിരെ അൻവർ ഉന്നയിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് അന്‍വര്‍ മറുപടിയുമായി രംഗത്തെത്തിയത്. 

ബിനോയ് വിശ്വം തനിക്കെതിരെ മോശമായ പരാമര്‍ശം നടത്തി. പിണറായി വിജയൻ്റെ അനിയനാണ് ബിനോയ് വിശ്വം. ഇവരെല്ലാം ചേർന്ന് വൻ തട്ടിപ്പുകൾ നടത്തുന്നു. ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ സിപിഐ ശ്രമിച്ചിട്ടുണ്ട്. താന്‍ സ്വതന്ത്രനായി മത്സരിച്ചതല്ല. തന്നെ സ്വതന്ത്രനാക്കി മത്സരിപ്പിച്ചതാണ്. ഏറനാട് മത്സരിക്കണമെന്നും മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നും സിപിഐയിലെയും സിപിഎമ്മിലെയും ഉത്തരവാദിത്തപ്പെട്ട നേതാക്കന്‍മാര്‍ വ്യക്തപരമായി വന്നു കണ്ട് പറഞ്ഞു. പിന്നിട് സിപിഐ പിന്‍മാറി.

ഇടതുപക്ഷ മുന്നണിയുടെ നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. ജയിച്ചാല്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുമെന്ന് 50 രൂപ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കണമെന്ന് പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.

25 ലക്ഷം രൂപയ്ക്ക് നിയമസഭാ മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ. കൊല്ലത്തെ ലീഗ് നേതാവ് യൂനിസ് കുഞ്ഞ് വഴി പാര്‍ട്ടി ഫണ്ടിലേക്ക് എന്ന് പറഞ്ഞ് 25 ലക്ഷം രൂപ ലീഗ് സിപിഐക്ക് കൊടുത്തു. ഇത്തവണയും ഏറനാട് സീറ്റ് വിറ്റു. സ്ഥാനാര്‍ഥിയെ ആര്‍ക്കും അറിയില്ല. ചര്‍ച്ചയ്ക്ക് തയാറുണ്ടോയെന്ന് സിപിഐയെ വെല്ലുവിളിക്കുകയാണ്.

ക്വാറി ഉടമകളില്‍ നിന്നും പണക്കാരില്‍ നിന്നും സിപിഐ നേതാക്കള്‍ പണം വാങ്ങി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സിപിഐ നേതാക്കള്‍ കോടികള്‍ പിരിച്ചു. ഒരു രൂപ ഇലക്ഷന്‍ കമ്മിറ്റിക്ക് കൊടുത്തില്ല. അവിടെ പോസ്റ്റര്‍ അടിക്കാനോ പശ വാങ്ങാനോ പോലും സ്ഥാനാര്‍ത്ഥിയായ ആനി രാജയ്ക്ക് പണമില്ലായിരുന്നു. മന്ത്രി കെ രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്. തെളിവില്ലെന്ന് പറഞ്ഞാല്‍ തെളിവ് താന്‍ തരാം. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവൃത്തിയിലില്ലെന്നും അന്‍വര്‍ പറഞ്ഞു.

SCROLL FOR NEXT