NEWSROOM

ഇത്രയും വൃത്തികെട്ട ഒരു കൊള്ളക്കാരൻ കേരളം ഭരിച്ചിട്ടില്ലെന്ന് കെ. സുധാകരൻ; അൻവറിൻ്റേത് ഗൗരവകരമായ വെളിപ്പെടുത്തലെന്ന് തിരുവഞ്ചൂർ

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഭയപ്പാടോടുകൂടെ മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ ആകൂ എന്ന് വ്യക്തമായി

Author : ന്യൂസ് ഡെസ്ക്

സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ. പി.വി. അൻവറിൻ്റെ ആക്ഷേപങ്ങൾ വെളിവാക്കുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയത്തെയാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഭരണകക്ഷിയിലെ എംഎൽഎക്ക് പോലും പൊലീസിൽ വിശ്വാസമില്ല. അൻവറിൻ്റേത് ഗൗരവകരമായ വെളിപ്പെടുത്തലാണ്. എന്നിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് മറുപടിയില്ല. സർക്കാർ മൗനം പാലിക്കുമ്പോൾ ഇവ സത്യമാണെന്ന് വേണം കരുതാനെന്നും തിരുവഞ്ചൂർ പറഞ്ഞു.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഭയപ്പാടോട് കൂടെ മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാനാകൂയെന്ന് വ്യക്തമായി. അൻവറിൻ്റെ വെളിപ്പെടുത്തലുകളിൻ്റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ സ്ക്രൂട്ടണി വേണം. വകുപ്പുതല അന്വേഷണം നടത്തിയാൽ യാഥാർത്ഥ്യം പുറത്തുവരില്ലെന്നും ആഭ്യന്തര വകുപ്പിന് തല ഉയർത്തി നിൽക്കണമെങ്കിൽ ഇതിനൊക്കെ മറുപടി നൽകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

എഡിജിപി അജിത് കുമാറിനും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരായ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എംഎഎൽഎയുടെ വെളിപ്പെടുത്തലുകളിൽ വസ്തുതയുണ്ടോയെന്ന് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല മറുപടി പറയുന്നത്. സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നയാളാണ് അദ്ദേഹം. സിപിഎമ്മുമായി സഹരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ചോദിച്ചറിയുമെന്നും തെളിവുണ്ടെങ്കിൽ പരിശോധിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി നേതാവ് എം.ടി. രമേശും പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറയണം. മന്ത്രിമാരുടെ ഫോൺ ചോർത്തിയത് ആരുടെ നിർദേശപ്രകാരമെന്ന് വ്യക്തമാക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത്, കൊലപാതക ആരോപണങ്ങൾ ഗുരുതരമാണ്. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും എം.ടി. രമേശ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും രംഗത്തെത്തി. ഇത്രയും വൃത്തികെട്ട ഒരു കൊള്ളക്കാരൻ കേരളം ഭരിച്ചിട്ടില്ല. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് എല്ലാം ചെയ്ത മുഖ്യമന്ത്രിയാണ്. ഇതൊക്കെ ചെയ്തിട്ടും മുഖ്യമന്ത്രിയായി തുടരുകയാണെന്നും കെ. സുധാകരൻ പറഞ്ഞു. കേരളത്തിൻ്റ് ശാപമാണെന്നും കെപിസിസി പ്രസിഡൻ്റ് ആരോപിച്ചു.

SCROLL FOR NEXT