NEWSROOM

പാതിരാത്രിയിലും വീടിനു ചുറ്റും പൊലീസ്, സുരക്ഷയിൽ ആശങ്കയുണ്ട്: പി.വി. അൻവർ

അജിത് കുമാറെന്ന നൊട്ടോറിയസ് ക്രിമിനൽ എഴുതിക്കൊടുത്ത തിരക്കഥക്കനുസരിച്ച് തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും അൻവർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിപിഎമ്മിൻ്റെ വിലക്ക് ലംഘിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ, തൻ്റെ സുരക്ഷയിലുള്ള ആശങ്ക പങ്കുവെച്ച് പി.വി. അൻവർ എംഎൽഎ. വാർത്താസമ്മേളനത്തിനിടെ എഡിജിപിയുടെ ആളുകൾ തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഉറങ്ങാൻ പോകുന്നതിനു മുമ്പായി ശബ്ദം കേട്ടുനോക്കിയപ്പോൾ വീടിനു പുറത്ത് രണ്ട് പൊലീസുകാരെ കണ്ടെന്നും അദ്ദേഹം പറഞ്ഞു. 

"ഇന്ന് ഇങ്ങനെയൊരു വാർത്തസമ്മേളനം വിളിക്കാനാകും എന്ന് വിചാരിച്ചതല്ല. എനിക്ക് കുറേയേറെ കാര്യങ്ങൾ പറയാനുണ്ട്. ഇതൊല്ലാം ആദ്യമേ പറയുന്നത് ഇതിനിടയിൽ തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ല. ഞാൻ വെറുതേ അതിശയോക്തി കലർത്തി പറയുവെന്ന് വിചാരിക്കരുത്. അജിത് കുമാറെന്ന നൊട്ടോറിയസ് ക്രിമിനൽ ഇതിനപ്പുറം ചെയ്യും. അദ്ദേഹമാണ് മുഖ്യമന്ത്രിക്ക് കഥയെഴുതി നൽകിയത്. അതനുസരിച്ച് മുഖ്യമന്ത്രി തന്നെ പ്രതിയാക്കാൻ ശ്രമിച്ചു. ഇപ്പൊ എൻ്റെ പിന്നാലെയാണ് പൊലീസ്. ഇന്നലെ രാത്രി രണ്ടുമണിക്കാണ് ഞാൻ കിടന്നത്. രാത്രി റോഡിൻ്റെ സൈഡിൽ നിന്ന് ശബ്ദം കേട്ടു. ജനൽ തുറന്നു നോക്കുമ്പോൾ പുറത്ത് രണ്ടുപേർ. ശബ്ദമുണ്ടാക്കാതെ വീടിനു പിന്നാലെ വന്നു നോക്കുമ്പോൾ രണ്ടു പൊലീസുകാരണ്. ഇരിക്കുന്ന റൂമിൽ ഇരുന്ന് പറഞ്ഞതെല്ലാം അവർ കേട്ടുകാണും"- പി.വി. അൻവർ പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ അഭ്യർഥന മാനിച്ച് താൽക്കാലികമായി പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പി.വി അൻവർ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പി.ശശിക്ക് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് വീണ്ടും വാർത്താസമ്മേളനം നടത്താൻ തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വാർത്താസമ്മേളന വിവരം അറിയിച്ച അൻവർ ഒറ്റയാൾ പോരാട്ടമാണെങ്കിലും താനത് തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് നടത്തിയത്.

SCROLL FOR NEXT