നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പി.വി. അൻവർ എംഎൽഎ. പോസ്റ്റ്‌മോർട്ടം ബന്ധുക്കളെ അറിയിക്കാതെ നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് അൻവറിൻ്റെ ആരോപണം. നവീൻ ബാബു അയൽ കെട്ടുന്ന 0.5 സെൻ്റിമീറ്റർ കയറിൽ തുങ്ങിമരിച്ചു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 50 കിലോ ഭാരമുള്ള നവീൻ ബാബു, 0.5 സെ.മീ കയറിൽ ഫാനിൽ തൂങ്ങിയാൽ കയർ പൊട്ടില്ലേ എന്നായിരുന്നു പി.വി. അൻവറിൻ്റെ ചോദ്യം.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണ ഹർജിയിൽ കക്ഷിചേരുമെന്ന് പി.വി. അൻവർ അറിയിച്ചു. തൂങ്ങി മരണമാണെങ്കിൽ മല മൂത്രം വിസർജ്ജനം നടത്തും, അത് ഉണ്ടായിട്ടില്ല. ഇൻക്വസ്ററ് റിപ്പോർട്ടിൽ നവീൻബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തമുണ്ടായിരുന്നു. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പി.വി. അൻവർ ആരോപിച്ചു.
അതേസമയം നവീൻ ബാബുവിൻ്റെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മൂക്ക്, വായ, ചെവി, എന്നിവയ്ക്ക് പരുക്കില്ല. ചുണ്ടിന് നീല നിറമായിരുന്നു. പല്ലുകൾക്കോ മോണകൾക്കോ കേടില്ല. നാവ് കടിച്ചിരുന്നു, എന്നിവയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ.
കൂടാതെ വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളൊന്നും തന്നെ ഇല്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്നാ നാഡിക്കും പരുക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു. കയറിൻ്റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമുണ്ടായിരുന്നു. 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗം ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിൻ്റെ ഭാഗത്തിന് 22 സെ.മീ നീളമാണ് ഉണ്ടായിരുന്നത്. പേശികൾക്കോ, പ്രധാന രക്തക്കുഴലുകൾക്കോ,പരുക്കില്ല.
തരുണാസ്ഥിക്കോ, കശേരുക്കൾക്കോ,പരുക്കില്ല, ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. തലയോട്ടിക്കും, വാരിയെല്ലുകൾക്കും ക്ഷതമില്ല. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലായിരുന്നു. അന്നനാളം സാധാരണ നിലയിൽ ഒക്ടോബർ 15 ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.
നവീൻ ബാബുവിൻ്റെ മരണം കൊലപാതകം അല്ല, ആത്മഹത്യയാണെന്ന് തന്നെയെന്ന് പൊലീസും പറയുന്നത്. കേസിലെ പ്രതി പി.പി. ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.