NEWSROOM

കയ്യില്‍ ചുവന്ന തോര്‍ത്തും ഡിഎംകെ ഷാളുമായി അൻവർ നിയമസഭയിൽ; സീറ്റ് മുസ്ലീം ലീഗിനൊപ്പം

Author : ന്യൂസ് ഡെസ്ക്

ഇടതുപക്ഷത്തോട് ഇടഞ്ഞുനില്‍ക്കുന്ന പി.വി അന്‍വര്‍ ഇന്ന് നിയമസഭയില്‍. പ്രതിപക്ഷത്തിനൊപ്പമാണ് അന്‍വറിന്റെ ഇരിപ്പിടം. സീറ്റ് വിഷയത്തിലടക്കം അന്‍വറിന്റെ നിലപാടും നീക്കവും ഇന്ന് നിര്‍ണായകമാകും. കയ്യില്‍ ചുവന്ന തോര്‍ത്തും ഡിഎംകെ ഷാളുമായാണ് അന്‍വര്‍ സഭയിലേക്ക് എത്തിയത്.

ലീഗിന് അടുത്താണ് അന്‍വറിന്റെ സീറ്റ്. അന്‍വറിന് കൈ കൊടുത്തും അഭിവാദ്യം ചെയ്തും ലീഗ് എംഎല്‍എമാര്‍ സ്വീകരിച്ചു. നജീബ് കാന്തപുരം, പി. ഉബൈദുള്ള എന്നിവര്‍ ഹസ്തദാനം നല്‍കി. മഞ്ഞളാംകുഴി അലി അന്‍വറിനെ അഭിവാദ്യം ചെയ്തു. ലീഗ് എംഎല്‍എ എ.കെ.എം അഷ്‌റഫിനടുത്താണ് അന്‍വറിന്റെ ഇരിപ്പിടം. കെ.ടി ജലീലിന് ഒപ്പമാണ് അന്‍വര്‍ സഭയുടെ ഒന്നാം നിലവരെ എത്തിയത്.

സഭയില്‍ എത്തുന്നതിനു മുമ്പും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു.


തൊഴിലാളി സമൂഹത്തിന്റെ പ്രതീകമായാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടു വന്നതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. പൊലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. സ്വര്‍ണ്ണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സ്വര്‍ണ്ണം പൊട്ടിക്കല്‍ എല്ലാ വിവരങ്ങളും പൊലീസിന്റെ കയ്യിലുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.


ഗവര്‍ണറുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും. ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് അറിയിക്കാനാണ് അദ്ദേഹത്തെ കണ്ടത്. ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കാണാതിരുന്നത് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാറി നില്‍ക്കുന്നത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

SCROLL FOR NEXT