NEWSROOM

മാമി തിരോധാന കേസില്‍ ഇനി ഒന്നും തെളിയില്ല; അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പി.വി. അന്‍വര്‍

നിലവിലെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കേസില്‍ ഇനി ഒന്നും തെളിയിക്കപ്പെടില്ലെന്നും അന്‍വര്‍ ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്



മാമി തിരോധാന കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് നടന്ന വിശദീകരണ പൊതുയോഗത്തില്‍ വെച്ചാണ് പി.വി. അന്‍വറിന്‍റെ ആരോപണം. നിലവിലെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കേസില്‍ ഇനി ഒന്നും തെളിയിക്കപ്പെടില്ലെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപിക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി അജിത് കുമാറിനെതിരെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളത്. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപിടിച്ചിരിക്കുകയാണ്. വലിയ പ്രതിസന്ധിയിലേക്ക് നാട് പോകുന്നു. പൊലീസിലെ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. നിയമം അനുസരിച്ചു ജീവിച്ചെന്ന് കരുതി നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയണമെന്നില്ല. നിരപരാധികളായ ആളുകളെയാണ് എസ്.പി സുജിത് ദാസ് ലഹരി കേസില്‍ കുടുക്കിയതെന്നും അന്‍വര്‍ ആരോപിച്ചു.

നാല് വര്‍ഷം മുന്‍പ് വടകര പാനൂരില്‍ 17-കാരനായ ആഷിര്‍ മരിച്ച സംഭവത്തിലും അന്‍വര്‍ പ്രതികരിച്ചു. മയക്കുമരുന്ന് ലോബിയുടെ ഇപെടലില്‍ കുട്ടിക്ക് ജീവന്‍ നഷ്ടമായി. കുട്ടിക്ക് വിഷം നൽകിയെന്നാണ് മനസ്സിലാകുന്നത്. കൗൺസിലിംഗിനിടെ ആഷിർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രത്യക്ഷമായെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് എംഡിഎംഎ കേസുകള്‍ വര്‍ധിക്കുകയാണ്. കച്ചവടം നടത്തുന്നതും പണം ഇറക്കുന്നതും പൊലീസാണ്. സുജിത് ദാസിനെ പോലെ ചിലർ ആണിങ്ങനെ ചെയ്യുന്നതെന്നും അൻവർ ആരോപിച്ചു.

മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിപിഎം ആണ് ഹിന്ദുത്വശക്തികളെ നേരിട്ടത് എന്ന് പറയുന്നു. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. എന്തുകൊണ്ട് മുഖ്യമന്ത്രി മലയാളത്തിലെ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞില്ല. ഇംഗ്ലീഷ് പത്രത്തിന് കൊടുത്താൽ ഡൽഹിയിൽ കിട്ടുമല്ലോ എന്നാണ് ചിന്തയെന്നും അന്‍വര്‍ പറഞ്ഞു. റിദാൻ ദാസി കേസിലും പൊലീസ് ഇടപെട്ടു. കരിപൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്.

മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ ആർഎസ്എസുമായി ചേർന്ന് അപരവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. പി.വി. അൻവർ കള്ളക്കടത്ത് സംഘത്തിന്റെ പിറകിലാണെന്ന വാദം വിജയിക്കില്ല. സിപിഎമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ പറഞ്ഞു. പൊലീസ് ഓട്ടോ തൊഴിലാളികൾക്ക് അനാവശ്യമായ പിഴ ചുമത്തുന്നു. നാട്ടിൽ തോന്നിവാസം നടക്കുന്നു.

സഖാക്കളേ പോലും പൊലീസ് അപമാനിച്ചു ഇറക്കി വിടുന്നു. താൻ രേഖാമൂലം നൽകിയ പരാതിയിൽ നേരാവണ്ണം അന്വേഷണം നടക്കുന്നില്ല. തന്നെ സന്തോഷിപ്പിക്കാൻ നൽകിയ ഇടപാടാണ് സുജിത് ദാസിന്റെ സസ്പെന്ഷനും മലപ്പുറം പൊലീസിലെ സ്ഥലം മാറ്റവും. ഏക സിവിൽ കോഡും പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ നിലപാട് ആത്മാർഥതയുള്ളതാണ്.

നിലവിലെ സാഹചര്യം ഉടലെടുത്തത് ഒന്നൊന്നര വർഷത്തിനിടയിലാണ്. തന്നെ സമാധാനിപ്പിക്കാൻ നോക്കിയവരുടെ സമാധാനം പോയി. പിന്മാറാന്‍ വലിയ ഓഫറുകള്‍ ലഭിച്ചു. അതിനോടൊക്കെ പോയി പണി നോക്കാൻ പറഞ്ഞെന്നും അന്‍വര്‍ പറഞ്ഞു. കവടിയാറിൽ അജിത് കുമാർ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട് താൻ നൽകിയ ഡോക്യുമെന്റ് പരിശോധിച്ചാൽ മാത്രം ക്രമക്കേട് മനസ്സിലാകും. ഡിജിപിയുടെ മുന്നിലുള്ള തെളിവ് മാത്രം മതി അജിത് കുമാറിനെ പുറത്താക്കാന്‍. തന്നെ സ്വാധീനിക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. തന്നെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കേട്ട് താൻ പേടിച്ചു പോകുമെന്ന് അദ്ദേഹം കരുതിയെന്നും പി.വി അന്‍വര്‍ പറഞ്ഞു.

കോഴിക്കോട്ടെ ടെക്സ്റ്റയില്‍ വ്യാപാരിയുടെ വിഷയത്തിൽ പി ശശിയെ കാണാൻ പോയി. നീതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഒന്നും നടന്നില്ല. പൊലീസിനെ കരുതിയിരിക്കണം. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. പൂരം കലക്കാൻ സംവിധാനം ഉണ്ടാക്കി കൊടുത്തു . ഉത്തരം പറയേണ്ടവർ ഉത്തരം മുട്ടിക്കുന്നു. എതിരാളി ഫാസിസ്റ്റ് ആണെങ്കിൽ മനസിലാക്കാം. കൊള്ള സംഘത്തിന്റെ കൂടെയാണ് പൊലീസിലെ ഒരു വിഭാഗം. രണ്ട് ദിവസം കഴിഞ്ഞാൽ അജിത് കുമാർ സ്ഥാനത്ത് നിന്ന് മാറും പിന്നെ മറ്റൊരു കസേരയിൽ വരും. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൂടി ഷണ്ഡീകരിക്കുന്നു. ചെറിയൊരു ശതമാനം പേരാണ് പൊലീസിനെ മനുഷ്യര്‍ക്ക് വെറുക്കപ്പെട്ട നിലയിലാക്കിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT