രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ പി.വി. അൻവറിൻ്റെ രാഷ്ട്രീയ പാർട്ടി പ്രവേശനത്തിൽ തീരുമാനമായി. തൃണമൂൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നും അൻവർ അംഗത്വം സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസാണ് അൻവറിന് അംഗത്വം നൽകിയ വിവരം എക്‌സിൽ പങ്കുവച്ചത്.
ALSO READ: അന്‍വര്‍ പാര്‍ട്ടി ഉണ്ടാക്കട്ടെ, അതിനേയും നേരിടും; ആക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു: മുഖ്യമന്ത്രി
അൻവറിന്റെ പ്രവർത്തനം പാർട്ടിക്ക് കേരളത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് അഭിഷേക് ബാനർജി പ്രതികരിച്ചു. അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അൻവർ നാളെ മമത ബാനർജിയോടൊപ്പം മാധ്യമങ്ങളെ കാണുമെന്നാണ് ലഭ്യമാകുന്ന വിവരം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പദവിയും അന്‍വര്‍ ഏറ്റെടുത്തു. ശനിയാഴ്ച അന്‍വറും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും ഒന്നിച്ച് വാര്‍ത്താ സമ്മേളനം നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം അന്‍വര്‍ ഏറ്റെടുക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ മമത ബാനര്‍ജി കേരളത്തിലെത്തും. കോഴിക്കോടോ, മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും മമത ബാനര്‍ജി പങ്കെടുക്കും.