നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ മുന്‍ എംഎല്‍എ പി.വി. അന്‍വർ. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് അൻവറിന്‍റെ നിലപാട്. നിലമ്പൂരില്‍ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് 'തള്ളുകയും വേണ്ട കൊള്ളുകയും വേണ്ട' എന്നായിരുന്നു അന്‍വറിന്‍റെ മറുപടി.
യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അന്‍വറിന്‍റെ അതൃപ്തി വാക്കുകളില്‍ പ്രകടമായിരുന്നു. അഭിപ്രായം ചോദിക്കാൻ താന്‍ യുഡിഎഫിന്‍റെ ഭാഗമല്ലെന്നും മുന്നണി പ്രവേശനം വൈകുന്നതിൽ അണികൾക്ക് അതൃപ്തിയുണ്ടെന്നും അന്‍വർ വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തെ അതൃപ്തി പ്രത്യേകം അറിയിക്കേണ്ടതില്ല. 'പിണറായിസത്തെയും' 'മരുമോനിസത്തെയും' തകർക്കാൻ ശേഷിയുള്ള ഒരു ജനകീയനായ സ്ഥാനാർഥി നിലമ്പൂരിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ഥാനാർഥി വരണമെന്നും അൻവർ അഭിപ്രായപ്പെട്ടു. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല സ്ഥാനം രാജി വെച്ചതെന്നും അന്‍വർ കൂട്ടിച്ചേർത്തു. അന്‍വറിന്‍റെ പിന്തുണ വി.എസ്. ജോയിക്കാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ എൽഡിഎഫ് സർക്കാരിനെ വിമർശിക്കാനും പി.വി. അൻവർ മറന്നില്ല. ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം നൽകിയെന്നത് പച്ചക്കള്ളമാണെന്ന് അൻവർ ആരോപിച്ചു. 10 സംസ്ഥാനങ്ങൾ സ്ഥലം ഏറ്റെടുക്കാൻ പണം നൽകി. രാജ്യത്ത് ആകെ പണം നൽകിയത് കേരളം മാത്രമാണെന്നാണ് പറയുന്നത്. റോഡ് ഇടിഞ്ഞപ്പോ 'മരുമോൻ' പറഞ്ഞത് റീൽസിനെ കുറിച്ചാണ്. ഇനിയും റീൽസ് ഇടുമെന്ന് പറഞ്ഞു. കേന്ദ്ര സർക്കാരിനെ മന്ത്രി വിമർശിക്കാതിരുന്നത് കോടികൾ വാങ്ങിയതിനാലാണെന്നും അൻവർ വിമർശിച്ചു.
എൽഡിഎഫ് ഭരണത്തിന് കീഴിലാണ് ദേശീയപാതയിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നതെന്നും പി.വി. അൻവർ ആരോപിച്ചു. രണ്ട് ദിവസത്തെ കാർഷിക വിപണന മേളയ്ക്ക് 54,54,936 രൂപ ചെലവാക്കി. കോഴിക്കോട് നടന്ന സരസ് മേളയിൽ ആർടി സ്റ്റാൾ ഇടാൻ 2,38593 രൂപ മുടക്കി. പ്രധാന ആർടി കേന്ദ്രങ്ങളിൽ ക്യൂആർ കോഡ് വയ്ക്കാൻ 13 ലക്ഷം വിനിയോഗിച്ചുവെന്നും നിലമ്പൂർ മുൻ എംഎൽഎ ആരോപിച്ചു. ആദ്യ തവണ എംഎൽഎ ആയപ്പോൾ സർക്കാരിൽ നിന്നും സിപിഐഎമ്മിൽ നിന്നും വലിയ സഹായമുണ്ടായെന്നും പക്ഷെ രണ്ടാം തവണ വികസന പ്രവർത്തനങ്ങൾ തടയപ്പെട്ടുവെന്നും അൻവർ പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസിൽ നിന്നാണ് അതെല്ലാം ഉണ്ടായതെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചിരിക്കുന്നത്. നിലമ്പൂരില്‍ അന്‍വർ എഫക്ടുണ്ടാകുമെന്നും സണ്ണി ജോസഫ് ആവർത്തിച്ചു. ജൂൺ 19നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.