NEWSROOM

നിയമസഭയില്‍ കൂര കെട്ടി തരേണ്ടതില്ല; പ്രതിപക്ഷത്ത് ഇരുത്തേണ്ട ജോലി സ്പീക്കര്‍ എടുക്കേണ്ട; പി.വി അന്‍വര്‍

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

Author : ന്യൂസ് ഡെസ്ക്



ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് നാളെ വെളിപ്പെടുത്തുമെന്ന് പി.വി അന്‍വര്‍. നാടിന് ഭീഷണിയുള്ള ചില കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു, ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് കണ്ടത്. പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇനി എല്ലാം ഗവര്‍ണര്‍ തീരുമാനിക്കും. നല്ല സമീപനമാണ് ഗവര്‍ണറില്‍ നിന്ന് ലഭിച്ചത്. അനുകൂലമായ ഇടപെടല്‍ ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എപ്പോഴുമുള്ളതെന്നും പി.വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലെ ഇരിപ്പിടത്തെ ചൊല്ലിയുടെ തര്‍ക്കത്തിലും അന്‍വര്‍ പ്രതികരിച്ചു.

'ഞാന്‍ സ്വതന്ത്രനാണ്, പുറത്താക്കിയാല്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല, പ്രത്യേക ബ്ലോക്ക് ലഭിക്കണം. സ്പീക്കര്‍ക്ക് കൊടുത്ത കത്തിന് മറുപടി ലഭിക്കട്ടെ.അതിന് ശേഷം തീരുമാനമെടുക്കും.സ്പീക്കര്‍ എനിക്ക് നിയമസഭയില്‍ കൂര കെട്ടി തരേണ്ടതില്ല.എന്നെ പ്രതിപക്ഷ ഭാഗത്ത് ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കുകയും വേണ്ട, നാളെ സഭയിൽ ഉണ്ടാകുമോ എന്ന് നോക്കാം'- അന്‍വര്‍ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് ഒരു വോട്ട് ബോധപൂര്‍വം മാറ്റി ചെയ്തിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയതെന്ന് തനിക്കറിയാം. സമയമാകുമ്പോള്‍ അതിനെ കുറിച്ചും പറയും. ഡിഎംകെയുടെ പ്രവര്‍ത്തനം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അന്‍വര്‍ പറഞ്ഞു. 

SCROLL FOR NEXT