NEWSROOM

"അജിത് കുമാർ സാർ സിന്ദാബാദ്... ക്രമസമാധാനത്തിനൊപ്പം ധനവകുപ്പ് കൂടി ഏൽപ്പിക്കണം"; പരിഹസിച്ച് പി.വി. അൻവർ

എഡിജിപി അജിത് കുമാറിന്റെ ഫ്ലാറ്റ് വിൽപന ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ പരിഹാസവുമായി എംഎൽഎ പി.വി. അൻവർ. സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി എഡിജിപി അജിത് കുമാറിന് കൊടുക്കണമെന്നായിരുന്നു അൻവറിൻ്റെ പരിഹാസം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് അൻവർ  ഇക്കാര്യം പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിച്ചു നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് എംഎൽഎയുടെ പോസ്റ്റ്

എഡിജിപി അജിത് കുമാറിന്റെ ഫ്ലാറ്റ് വിൽപന വിഷയം ഉന്നയിച്ചായിരുന്നു പോസ്റ്റ് എത്തിയത്. അജിത് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പരാതിയും അൻവർ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അജിത് കുമാറിനെ സാറെന്ന് വിളിച്ചായിരുന്നു അൻവറിൻ്റെ പരിഹാസം. 35 ലക്ഷം രൂപയുടെ ഫ്ലാറ്റ് വെറും 10 ദിവസത്തിനകം മറിച്ച് വിൽക്കുന്ന തരത്തിലുള്ള ഫിനാൻഷ്യൽ മാനേജ്മെൻ്റാണ് സംസ്ഥാനത്തിന് വേണ്ടത്. ഇത് നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തുമെന്നും അൻവർ പരിഹസിച്ചു.

അൻവറിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത്‌ മറിച്ച്‌ വിൽക്കുക!!
ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം,സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം. ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌..

ALSO READ: സർക്കാരിൻ്റെ സൽപേര് ഇല്ലാതായി, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല: പി കെ കുഞ്ഞാലിക്കുട്ടി


പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പത്രസമ്മേളനം. അൻവറിനോട് നേരിൽ കാണണമെന്ന് മൂന്നാമതൊരു വ്യക്തി മുഖേന ആവശ്യപ്പെട്ടിട്ടും പിന്നെയും വാർത്താസമ്മേളനം നടത്തി. പാർട്ടി അധ്യക്ഷൻ്റെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കാണേണ്ടിയിരുന്നത്. അതല്ല അദ്ദേഹം ചെയ്തത്, പിന്നെയും മാധ്യമങ്ങളെ കണ്ടു. അത് സിപിഎമ്മിൻ്റെ ഭാഗമായി നിൽക്കുന്ന ഒരാൾ ചെയ്യുന്ന രീതിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

SCROLL FOR NEXT