NEWSROOM

"നിലവിലെ മന്ത്രി ഒരു ഡമ്മി, തോമസ് കെ. തോമസ് മന്ത്രിയായാല്‍ വന നിയമ ഭേദഗതി അംഗീകരിക്കില്ല; പിണറായി മന്ത്രിയെ മാറ്റാത്തത് അതുകൊണ്ട്"

'ആര്‍എസ്എസ് നല്‍കുന്ന ടാര്‍ഗറ്റ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാകുന്നു'

Author : ന്യൂസ് ഡെസ്ക്


വന്യമൃഗ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. വനം മന്ത്രി ഉത്തരവാദിത്തത്തോടെ ഇടപെടുന്നില്ല. പുതിയ വന നിയമ ഭേദഗതി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം മുസ്ലീം വിഭാഗത്തെ പൂര്‍ണമായും വെറുപ്പിച്ചു. മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെ അകറ്റി. ആര്‍എസ്എസ് നല്‍കുന്ന ടാര്‍ഗറ്റ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാകുന്നുവെന്നും അൻവർ ആരോപിച്ചു.

വനം മന്ത്രിയെ മാറ്റാന്‍ പിണറായി തയ്യാറാകാത്തത് നിലവിലെ മന്ത്രി ഒരു ഡമ്മി മാത്രമായതുകൊണ്ടാണ്. തോമസ് കെ. തോമസ് മന്ത്രിയായാല്‍ വനം നിയമ ഭേദഗതി അംഗീകരിക്കില്ലെന്നും അത് മനസിലാക്കിയാണ് പിണറായി മന്ത്രിയെ മാറ്റാത്തതെന്നും പി.വി. അന്‍വര്‍ ആരോപിച്ചു.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെയാണ് പി.വി. അന്‍വറിന്റെ പ്രതികരണം. ആവര്‍ത്തിക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹര്‍ത്താലാണ്. ബിജെപിയും പ്രതിഷേധം നടത്തും. അമറിന്റെ സംസ്‌കാരത്തിന് ശേഷം മുള്ളരിങ്ങാട് പ്രതിഷേധ കൂട്ടായ്മയും ചേരും. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലി, ആര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ നടപടി വേണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയെ (22) കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരുക്കേറ്റു.

SCROLL FOR NEXT