എഡിജിപി എം.ആർ. അജിത് കുമാർ അവധിക്ക് പോയതിന് പിന്നാലെ രൂക്ഷവിമർശനവുമായി എംഎൽഎ പി.വി. അൻവർ. കോഴിക്കോട് മാമി തിരോധാനത്തിൽ എം.ആർ അജിത് കുമാറിനും പങ്കുണ്ടെന്ന് പറഞ്ഞ അൻവർ, എഡിജിപി ഒരു 'നൊട്ടോറിയസ് ക്രിമിന'ലാണെന്ന് ആവർത്തിച്ചു. തെളിവ് നശിപ്പിക്കാനാണ് അജിത്കുമാർ അവധിയിൽ പോയത്. മാമിയുടെ കുടുംബത്തിൻ്റെ കൈവശമുള്ള തെളിവുകൾ മുഴുവൻ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും പി.വി അൻവർ വ്യക്തമാക്കി.
കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്ന വ്യക്തിയെ കാണാതായ സംഭവത്തിൽ പൊലീസ് ലോബിയെ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ കൈയിലുണ്ടെന്ന് അന്‍വർ നേരത്തെ പറഞ്ഞിരുന്നു. കാലചക്രം തിരിയും. സസ്പെൻഷനിൽ കഴിയുന്ന എസ്‌പി സുജിത് ദാസിന്റെ ഗതി അജിത് കുമാറിനും ഉണ്ടാകും. എം.ആർ. അജിത് കുമാറും സുജിത് ദാസും ഒരച്ഛന്റെ മക്കളാണെന്നും പി.വി. അൻവർ പരിഹസിച്ചു.
അതോടൊപ്പം വിഷയവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ കുറിച്ച് രാഷ്ട്രീയം പറയാനില്ലെന്നും സംശയങ്ങളും തെളിവുകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് സീൽ ചെയ്ത് കവറിൽ കൈമാറുമെന്നും എംഎൽഎ അറിയിച്ചു.
മാമി തിരോധാന കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘത്തിനെ നിയമിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി. പ്രകാശിൻ്റെ മേൽനോട്ടത്തിലാണ് സംഘം പ്രവർത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി യു. പ്രേമൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
അതേസമയം, എഡിജിപി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയെ അന്വേഷണ സംഘം ഒൻപതര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 9 വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിൽ പൂർണതൃപ്തി രേഖപ്പെടുത്തിയ പി.വി. അൻവർ, പുതിയ ആരോപണങ്ങളും ഉയർത്തി. സ്വർണ്ണക്കടത്ത് നടത്തിയ സ്ത്രീ കാരിയർമാരെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു എംഎൽഎയുടെ ആരോപണം.