ദി ഹിന്ദുവിലെ പരാമർശം തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റ് തിരുത്തിയത് പത്രം ഇറങ്ങി 32 മണിക്കൂർ കഴിഞ്ഞിട്ടാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്നും, അൻവർ പറഞ്ഞു. ദ ഹിന്ദുവിന് മുഖ്യമന്ത്രി കത്തെഴുതിയത് നാടകമാണെന്നും, പത്രവുമായി മുഖ്യമന്ത്രി അഡ്‌ജസ്റ്റ്മെൻ്റ് ചെയ്തെന്നും അൻവർ ആരോപിച്ചു.മുഖ്യന്ത്രിയുടെ അഭിമുഖത്തിൻ്റെ പൂർണ്ണ രൂപം ഹിന്ദു പുറത്തുവിടണമെന്നും അൻവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സത്യാവസ്ഥ പുറത്ത് വരട്ടെ എന്ന് പറഞ്ഞ് മാറി നിൽക്കുകയാണ് നല്ലതെന്നും പറഞ്ഞു. ഈ കാര്യം പറയുന്നതിൽ UDF ന് എന്താണ് ശക്തി ഇല്ലാത്തതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയാകാൻ ശേഷിയുള്ളവർ പാർട്ടിയിലുണ്ട് പാർട്ടി എന്താണ് അത് ചർച്ച ചെയ്യാത്തതെന്നും അൻവർ ചോദിച്ചു. ഞായറാഴ്ച മഞ്ചേരിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ദി ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. 'ആര്‍എസ്എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും സിപിഎം എപ്പോഴും ശക്തമായി എതിര്‍ത്തിട്ടുണ്ട്'. എന്ന പേരിലായിരുന്നു അഭിമുഖം. 'കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടി, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നത്' എന്നായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അഭിമുഖത്തില്‍ ഏതെങ്കിലും പ്രദേശത്തെയോ മതവിഭാഗത്തെയോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ALSO READ: മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; പി ആർ കമ്പനിയെക്കുറിച്ച് മൗനം, ഹിന്ദു മാപ്പ് പറഞ്ഞ വാർത്തയിൽ ഒതുക്കി ദേശാഭിമാനി
വിവാദം രൂക്ഷമായതിന് പിന്നാലെ മലപ്പുറത്തെക്കുറിച്ച് കേരള മുഖ്യമന്ത്രിയുടേതെന്ന പേരിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ തെറ്റ് സംഭവിച്ചെന്ന് 'ദി ഹിന്ദു' വിശദീകരണ കുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ആർ ഏജൻസി നൽകിയ വാർത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചെന്നും പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ നേരത്തേ ഉന്നയിച്ചത്. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അര്‍ഹതയില്ലെന്നും അൻവർ പറഞ്ഞു. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ലൈൻ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും ഗോവിന്ദന്‍ മാഷിന്‍റെ കാര്യം ഇതാണെങ്കില്‍ മറ്റു സഖാക്കളുടെ കാര്യം എന്തായിരിക്കുമെന്നും അൻവർ ചോദിച്ചു.
ALSO READ: വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു; ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയെയും ആരോപണം ഉന്നയിച്ച അൻവർ കഴിഞ്ഞ ദിവസം ശശിക്കെതിരെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ പരാതി പുറത്തുവിട്ടിരുന്നു.ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ വിഷയങ്ങളില്‍ പി. ശശിയുടെ ഇടപെടലുകളില്‍ സംശയം ഉന്നയിച്ചും വിമര്‍ശിച്ചുമാണ് പരാതി നല്‍കിയത്.