ഡെമോക്രറ്റിക് മൂവ്മെന്റ് ഓഫ് കേരള ഒരു സാമൂഹിക കൂട്ടായ്മയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പറയാൻ ആയിട്ടില്ലെന്നും പി.വി. അൻവർ എംഎൽഎ. എല്ലാ ജില്ലകളിലും അതിനു ജനങ്ങളുമായുള്ള കൂട്ടായ്‌മകൾ ഉണ്ടാകും. ഡിഎംകെ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയല്ലായെന്നും പി. വി. അൻവർ വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കുടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന ലീഡറാണ് എം.കെ. സ്റ്റാലിൻ. മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണ് എന്നും അൻവർ പറഞ്ഞു.
തമിഴ്നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെ. കേരളത്തിലെ യുവാക്കളുടെ വിഷയങ്ങൾ ഉൾപ്പടെ അഡ്രസ് ചെയ്യാൻ പുതിയ ഡെമോക്രറ്റിക് മൂവ്മെന്റ് ഓഫ് കേരളയ്ക്ക് കഴിയും. യുവാക്കൾ ഇന്റെർനെറ്റിന് അടിമയായി പോകരുത്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ദിനമായ ഇന്ന് വേദിയിൽ പലരെയും പ്രതീക്ഷിക്കാം എന്നും അൻവർ കൂട്ടിച്ചേർത്തു.
ഇന്ന് വൈകിട്ടാണ് അൻവറിന്റെ പാർട്ടി നയ പ്രഖ്യാപനവും പൊതുയോഗവും നടക്കുക. മലപ്പുറം മഞ്ചേരിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നതാണ് അൻവറിന്‍റെ പ്രതീക്ഷ.
സിപിഎമ്മും ഡിഎംകെയുമായി തമിഴ്നാട്ടിലും ദേശീയ തലത്തിലും സഹകരണം തുടരുന്നതിനിടെ, കൂടിക്കാഴ്ചയിൽ ഡിഎംകെ നേതാക്കൾ എന്ത് നിലപാട് എടുത്തുവെന്നത് സംബന്ധിച്ച് അൻവർ പ്രതികരിച്ചിട്ടില്ല.