'ഡിഎംകെ' രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഡിഎംകെ ഒരു സാമൂഹിക കൂട്ടായ്മയായി തല്‍ക്കാലം നിലനില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ മതേതര കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ കഴിയുന്നവരെ ഒപ്പം കൂട്ടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ഇന്ത്യയില്‍ മതേതരത്വം ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന നേതാവിനെ കണ്ടു സംസാരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. തന്റെ സ്ട്രാറ്റജിയെക്കുറിച്ചും സംവിധാനത്തെക്കുറിച്ച് പറയാനും ചിലരുമായി സംവദിക്കുന്നുണ്ട്. സെക്കുലര്‍ സിസ്റ്റത്തോടൊപ്പം നില്‍ക്കാന്‍ കഴിയുന്നവരെ ഒപ്പം കൂട്ടുക എന്നതാണ് ലക്ഷ്യമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.
ALSO READ: 'ഡിഎംകെ' ഒരു സാമൂഹിക കൂട്ടായ്മ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പറയാൻ ആയിട്ടില്ല; പി.വി. അൻവർ
പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായിരുന്നു എന്റെ പരാതി. അത് പക്ഷെ എന്റെ പരാതികളെ അവജ്ഞയോടെ തള്ളുന്നു എന്ന രീതിയിലേക്കാണ് മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്ന, അത്തരത്തില്‍ ഒരു രാഷ്ട്രീയ പിന്തുണ നല്‍കുന്ന എല്ലാവരെയും ഈ സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി സഹകരിപ്പിക്കുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്. ഇപ്പോള്‍ സാമൂഹിക കൂട്ടായ്മയായിട്ടാണ് നിലനിര്‍ത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു.
എം.ആര്‍. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് മാത്രം കാര്യമില്ല. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം. എഡിജിപിയുടെ സ്വത്ത് സമ്പാദനം മാത്രം മതി നടപടി എടുക്കുന്നതിന്. ഭൂമി വാങ്ങിയതും ഫ്‌ളാറ്റ് വാങ്ങിയതും കള്ളപ്പണം ഉപയോഗിച്ചാണ്. അതിന് എല്ലാ രേഖകളും ഉണ്ട്. ഇപ്പോഴും എഡിജിപിയെ കെട്ടിപ്പിടിച്ചിരിക്കുയാണ്. താന്‍ കൊടുത്ത പരാതിയില്‍ ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ പ്രതിരോധത്തിലാക്കാൻ ആർക്കും കഴിയില്ല. നിയമസഭയിൽ തൻ്റെ സീറ്റ് മാറ്റിയത് ചോദ്യം ചെയ്തു സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത് തന്നെ അറിയിച്ചിട്ടില്ല. പ്രതിപക്ഷത്തിൻ്റെ മുഖത്ത് നോക്കി കാര്യങ്ങൾ പറയാൻ സിപിഎമ്മിൽ ആരുമില്ലെന്നും അൻവർ വിമർശിച്ചു.