പി.വി അന്‍വര്‍ എംഎല്‍എയുടെ ഇരിപ്പിടത്തില്‍ മാറ്റമില്ല. പ്രതിപക്ഷ നിരയുടെ അവസാനഭാഗത്താകും അന്‍വറിന് ഇരിപ്പടം ലഭിക്കുക. ഇതൊരു പ്രത്യേക ബ്ലോക്കായി കണക്കാക്കും. ഇടതുപക്ഷത്തില്‍ നിന്ന് പടിയിറങ്ങിയതോടെ നിയമസഭയില്‍ തനിക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് അന്‍വര്‍ കത്ത് നല്‍കിയിരുന്നു.
അതേസമയം , അന്‍വര്‍ നാളെ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. സർക്കാരിനെതിരെ ഒറ്റയാൾ പ്രതിപക്ഷമായി പി.വി. അൻവർ നിയമസഭയിലെത്തുമ്പോൾ, എന്തായിരിക്കും പദ്ധതിയെന്നും നീക്കമെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇരിപ്പിടത്തിന്റെ കാര്യത്തില്‍ അന്‍വര്‍ എടുക്കുന്ന നിലപാടും നാളെ സഭയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്നതിൽ അൻവർ നേരത്തെ നിലപാടെടുത്തതാണ്. പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്നാണ് പ്രഖ്യാപനം. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും സ്പീക്കർക്കെതിരെ കടുത്ത ഭാഷയിലായിരുന്നു അന്‍വറിന്‍റെ വിമർശനം. സ്പീക്കർ തനിക്ക് കൂര കെട്ടിത്തരേണ്ടതില്ലെന്നും, എവിടെ ഇരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നുമായിരുന്നു അൻവറിന്റെ പ്രതികരണം. നേരത്തെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെയും സർക്കാരിനെയും അന്‍വര്‍ പ്രതിരോധത്തിലാക്കുമോയെന്നും കണ്ടറിയണം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അന്‍വര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.