നിയമസഭയിൽ പ്രതിപക്ഷത്തോടൊപ്പം ഇരിക്കാൻ താൻ തയ്യാറല്ലെന്നും നിയമപരമായി പരിശോധിക്കുമെന്നും പി.വി. അൻവർ എംഎൽഎ. സീറ്റ് ഇല്ലെങ്കിൽ തറയിൽ ഇരിക്കാനും തയ്യാറാണെന്നും അൻവർ നിലപാട് വ്യക്തമാക്കി. സിപിഎം തന്നെ പ്രതിപക്ഷത്തേക്ക് മാറ്റിയെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം അവർക്ക് തന്നെയാണ്. ചൊവ്വാഴ്ചയ്ക്ക് ശേഷം മാത്രമെ നിയമസഭയിലേക്ക് പോവുകയുള്ളൂവെന്നും അൻവർ പറഞ്ഞു.
"പി.ആർ. ഏജൻസി പറയുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖർ പി.ശശിയും എ.ആർ അജിത് കുമാറുമാണ്. എഡിജിപിയെ കൂടുതൽ സമയവും ഇരിക്കുന്നത് പി. ശശിയുടെ ഓഫീസിലാണ്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് നാടകമാണ്. സസ്‌പെൻഷനാണ് വേണ്ടത്. പാർട്ടിയും സർക്കാരും എങ്ങിനെ പോകണമെന്ന് തീരുമാനിക്കുന്നത് പിണറായി വിജയനാണ്," അൻവർ പറഞ്ഞു.
പി. ശശിയുടെ വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ചാൽ മറുപടി നൽകും. പി. ശശിയുടെ പരാതിയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. തനിക്കെതിരെ കേസുകൾ ഇനിയും വരും. നൂറിലധികം കേസുകൾ വരാൻ സാധ്യതയുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷണം പ്രഹസനമാണ്. ഹൈക്കോടതി ഇതെല്ലാം കാണുന്നുണ്ട്. ഞാൻ കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.
ALSO READ: നിയമസഭാ സമ്മേളനം ആരംഭിച്ചു; വയനാട്-വിലങ്ങാട് ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരം അർപ്പിച്ചു
നക്ഷത്ര ചിഹ്നമിട്ട ചോദ്യം മാറ്റാൻ സ്പീക്കർക്ക് അവകാശമില്ല. ഫോൺ ചോർത്തുന്നുണ്ടെന്ന് പറഞ്ഞതിന് കേസെടുത്തു. എന്നാൽ ഫോൺ ചോർത്തിയതിന് കേസില്ല.
നാളത്തെ മഞ്ചേരിയിലെ പൊതുയോഗത്തിന് താൻ പണം ചിലവഴിച്ച് പ്രചരണം നടത്തുന്നില്ല. എന്നാൽ ഒരു ലക്ഷം പേർ പങ്കെടുക്കും. തൻ്റേത് മലപ്പുറം പാർട്ടിയല്ല കേരള പാർട്ടിയാണ്. പി. ജയരാജനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് സാധാരണക്കാരെ പീഡിപ്പിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന ഉടമകളെയാണ് പീഡിപ്പിക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു. അതേസമയം, സമസ്ത രാഷ്ട്രീയത്തിനപ്പുറം പൊതു കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണെന്നും അൻവർ പറഞ്ഞു.