എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയെന്ന് പി.വി. അന്‍വര്‍. വിജിലൻസിന് മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ കൃത്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സത്യസന്ധമായി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. ഇനിയുള്ള അന്വേഷണത്തിൽ ഈ ഉദ്യോഗസ്ഥർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അന്‍വര്‍ പറഞ്ഞു.
എഡിജിപി അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചിരുന്നത്. അജിത് കുമാറിന് സ്വർണക്കടത്തിലടക്കം പങ്കുണ്ടെന്നും ടാക്സ് വെട്ടിപ്പ് നടത്തിയെന്നും അൻവർ ഉന്നയിച്ചിരുന്നു. പൂരം കലക്കലിലും അജിത് കുമാറിന് പങ്കുള്ളതായും അൻവർ ആരോപണമുന്നയിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ പി.വി. അൻവർ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 'സംഭവിച്ചത് നാക്കുപിഴയാണ്. ഉദ്ദേശിച്ചത് ആ അർഥത്തിൽ ആയിരുന്നില്ല. തന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശം മുഖ്യമന്ത്രി എന്നല്ല എത്ര വലിയ ആളുകൾ നടത്തിയാൽ പോലും ഞാൻ പ്രതികരിക്കും എന്ന രീതിയിലാണ് പറഞ്ഞതെന്നും അൻവർ പറഞ്ഞു. വാക്കുകൾ അങ്ങനെയായതിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകളോടും മാപ്പ് പറയുന്നു എന്നും അൻവർ പറഞ്ഞു.
ഇന്ന് രാവിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് പി.വി. അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയത്. തുടർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ വഴിയാണ് അൻവർ മുഖ്യമന്ത്രിയോട് മാപ്പ് ചോദിച്ചത്.