NEWSROOM

അന്‍വറിന്‍റെ ആരോപണങ്ങള്‍ മുന്നണിയെ പ്രതികൂലമായി ബാധിക്കില്ല; സർക്കാരിനെ പ്രതിരോധിച്ച് ടി.പി. രാമകൃഷ്ണന്‍

മുഖ്യമന്ത്രിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. എഡിജിപിക്കെതിരെ ആരോപണങ്ങള്‍ ഉയർന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചു. അതും എഡിജിപി പങ്കെടുത്ത വേദിയില്‍ വെച്ച്. അതാണ് നിശ്ചയദാഢ്യത്തിന്‍റെ തെളിവെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ എംഎല്‍എ പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ മുന്നണിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. അൻവർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

നിരന്തരമായി വേട്ടയാടല്‍ നേരിടുന്ന നേതാവാണ് പിണറായി വിജയന്‍. ആരാണ് വേട്ടയാടുന്നതെന്ന് പൊതുസമൂഹത്തിന് അറിയാം. സർക്കാർ പ്രതിക്കൂട്ടിൽ അല്ലെന്നും ടി.പി. പറഞ്ഞു. പാർട്ടിയേയോ സർക്കാരിനേയോ അറിയിക്കാതെയുളള അന്‍വറിന്‍റെ പരസ്യ പ്രസ്താവനകളെപ്പറ്റിയും ടി.പി പ്രതികരിച്ചു. പരസ്യ പ്രസ്താവന വേണ്ടിയിരുന്നോ എന്ന് അൻവർ തന്നെ പരിശോധിക്കട്ടെ എന്നായിരുന്നു ടി.പിയുടെ പ്രതികരണം.

വാർത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനർ മുഖ്യമന്ത്രിയെ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. എഡിജിപിക്കെതിരെ ആരോപണങ്ങള്‍ ഉയർന്ന് വന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചു. അതും എഡിജിപി പങ്കെടുത്ത വേദിയില്‍ വെച്ച്. അതാണ് നിശ്ചയദാർഢ്യത്തിന്‍റെ തെളിവെന്നും ടി.പി പറഞ്ഞു. ഇത്തരത്തിലുള്ള കർശനമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും ടി.പി. കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉണ്ടെങ്കിൽ അതും അന്വേഷിക്കും. ആദ്യം ആരോപണങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണം. ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം കുറ്റവാളി ആകില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റുമെന്ന വാർത്തകള്‍ ടി.പി. രാമകൃഷ്ണൻ നിഷേധിച്ചു. മുന്നണിയിൽ അത്തരം ചർച്ച വന്നിട്ടില്ല. അത് എന്‍സിപിയുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT