NEWSROOM

അൻവറിൻ്റെ ലക്ഷ്യം ലീഗിൻ്റെ തിരുവമ്പാടി സീറ്റ്; അനുനയിപ്പിക്കാൻ യുഡിഎഫ്

അൻവറിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വീണ്ടും ചർച്ച നടത്താൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


നിലമ്പൂരിലെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ആര്യാടൻ ഷൗക്കത്ത് എത്തിയതോടെ ഇടഞ്ഞ പി.വി. അൻവറിനെ അനുനയിപ്പിക്കാൻ യുഡിഎഫ്. ഗുരുതര ആരോപണം സ്ഥാനാർഥിക്കെതിരെ ഉന്നയിച്ചിട്ടും അൻവറിനെ തള്ളാതെ കൂടെ നിർത്താനാണ് കോൺഗ്രസ് നീക്കം. അൻവറിനെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വവും ഇടപെടുന്നുണ്ട്. അൻവറിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വീണ്ടും ചർച്ച നടത്താൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

അൻവർ ഉന്നയിച്ച ജനകീയ വിഷയങ്ങൾ തന്നെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ ഉയർത്തുന്നതെന്നും വിഷയാധിഷ്ഠിത സഹകരണം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. "സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം അൻവറുമായി ഞാൻ സംസാരിച്ചിട്ടില്ല. കെ. സുധാകരൻ ആശയവിനിമയം നടത്തി. സമവായത്തിൽ എത്തിക്കാൻ പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അൻവർ സ്ഥാനാർഥിയെ പഠിക്കുന്നത് നല്ല കാര്യം. അൻവർ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൗക്കത്തിനൊപ്പം ജോയിയെയും പരിഗണിച്ചിരുന്നു. ജോയ് മികച്ച നേതാവാണ്," സണ്ണി ജോസഫ് പറഞ്ഞു.

അൻവറിനെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വവും ഇടപെടുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയാണ് അനുനയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.വി. അൻവർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമായിരുന്നു കൂടിക്കാഴ്ച. ലീഗിൻ്റെ പക്കലുള്ള തിരുവമ്പാടി സീറ്റ് വേണമെന്നാണ് പി.വി. അൻവർ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരിക്കുന്നത്. നിലവിൽ തിരുവമ്പാടി സീറ്റിൽ മത്സരിക്കുന്നത് ലീഗാണ്. യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ തിരുവമ്പാടി സീറ്റിൽ ഉറപ്പ് വേണമെന്നാണ് അൻവറുടെ ആവശ്യം.

ആര്യാടൻ ഷൗക്കത്ത് ഇന്ന് പ്രചരണം ആരംഭിക്കും. രാവിലെ ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിലെത്തി പ്രാർഥിച്ചാണ് മകൻ ഷൗക്കത്ത് പ്രചാരണം തുടങ്ങിയത്. ഖബർ നിസ്ക്കാരത്തിന് പിന്നാലെ പിതാവിൻ്റെ ഖബറിടത്തിൽ തല ചേർത്ത് യുഡിഎഫ് സ്ഥാനാർഥി പൊട്ടിക്കരയുന്നതും കാണാനായി. അദ്ദേഹം ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, സിപിഐഎമ്മിന്റെ നിർണായക നേതൃയോഗവും സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്ന് നടക്കും.

SCROLL FOR NEXT