എഡിജിപി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒൻപതര മണിക്കൂർ. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 9 വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയ പി.വി. അൻവർ, പുതിയ ആരോപണങ്ങളും ഉയർത്തി. സ്വർണ്ണക്കടത്ത് നടത്തിയ സ്ത്രീ കാരിയർമാരെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു എംഎൽഎയുടെ ആരോപണം.
സ്വർണക്കടത്ത് കാരിയർമാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂര ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയെന്നാണ് പി.വി.അൻവർ എംഎൽഎയുടെ പുതിയ ആരോപണം. ഉന്നത ഉദ്യോഗസ്ഥരുടെ ഈ ക്രിമിനൽ സംഘം വേട്ടനായ്ക്കളെ പോലെ ഒരുപാടു പേരെ ഉപയോഗിച്ചിട്ടുണ്ട്. പീഡനത്തിനിരായ പല സ്ത്രീകൾക്കും ദുരനുഭവങ്ങൾ പുറത്തുപറയാനുള്ള ധൈര്യമില്ല. അവർ പരാതി നൽകാൻ പേടിച്ചിരിക്കുകയാണ്. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുമുണ്ട്. ഇതെല്ലാം കേരളം കേൾക്കാൻ പോകുകയാണെന്നും പി.വി അൻവർ എംഎൽഎ പറഞ്ഞു.
അതേസമയം തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനാണെന്ന് ആവർത്തിക്കുകയാണ് പി.വി. അൻവർ. പുനർജനി കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമായാണ് എഡിജിപി തൃശൂർ പൂരം കലക്കിയതെന്നും ഇതിൻ്റെ ഫലമായി ബിജെപിക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റെന്നും അൻവർ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നത്. എഡിജിപി അജിത് കുമാറിൻ്റെ സ്വർണക്കടത്ത് ബന്ധം, എടവണ്ണയിലെ റിദാൻ ബാസിലിൻ്റെ കൊലപാതകത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക്, സോളാർ കേസ് അട്ടിമറി തുടങ്ങിയ ആരോപണങ്ങളിലുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം.