NEWSROOM

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി അന്‍വര്‍; പകരം പ്രവർത്തകർക്കൊപ്പമുള്ള ഫോട്ടോ

പാർട്ടിക്ക് വഴങ്ങിയെങ്കിലും സൈബർ ഇടങ്ങളിൽ പി. വി. അൻവറിന് ലഭിക്കുന്ന പിന്തുണ കൂടിവരികയാണ്

Author : ന്യൂസ് ഡെസ്ക്



പാർട്ടി നടപടിക്കുപിന്നാലെ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പരസ്യമാക്കി പി. വി. അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള കവർ ചിത്രം ഫെയ്സ്‌ബുക്ക് പേജിൽ നിന്ന് മാറ്റി പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പുതിയ കവർ ഫോട്ടോയാക്കി. സിപിഎമ്മിന്റെ വിമർശനങ്ങൾ ഉൾക്കൊണ്ട് താത്‌കാലികമായി തുറന്നു പറച്ചിലുകൾ അവസാനിപ്പിച്ചു എന്ന ഫെയ്സ് ബുക്ക് കുറിപ്പിന് പിന്നാലെയാണ് അൻവർ കവർ ചിത്രം മാറ്റിയത്.

പാർട്ടിക്ക് വഴങ്ങിയെങ്കിലും സൈബർ ഇടങ്ങളിൽ പി. വി. അൻവറിന് ലഭിക്കുന്ന പിന്തുണ കൂടിവരികയാണ്. സിപിഎം അനുകൂല പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നുമാണ് അൻവറിന് പിന്തുണ ലഭിക്കുന്നത്. ഷുക്കൂർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പി. സുകുമാരന്റെ ബിജെപി പ്രവേശനം പരാമർശിച്ച് മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനവുമായി പോരാളി ഷാജി പേജും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും വിമർശനങ്ങൾക്ക് പിന്നാലെ പി.വി. അൻവർ എംഎൽഎ പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറിയത്. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും, എൻ്റെ പാർട്ടിയിൽ എനിക്ക്‌ പൂർണവിശ്വാസമുണ്ടെന്നുമാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.

നീതി ലഭിക്കുമെന്ന ഉറപ്പെനിക്കുണ്ട്. പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

SCROLL FOR NEXT