NEWSROOM

എഡിജിപി കള്ളപ്പണം വെളുപ്പിച്ചു, കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്; വീണ്ടും ആരോപണങ്ങളുമായി പി.വി. അൻവർ

33 ലക്ഷം രൂപയ്ക്ക് കവടിയാറിൽ ഫ്ലാറ്റ് വാങ്ങിയതിനും രേഖകളുണ്ട്

Author : ന്യൂസ് ഡെസ്ക്

എഡിജിപിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ. എഡിജിപി കള്ളപ്പണം വെളുപ്പിച്ചതിനും, കൈക്കൂലി വാങ്ങി ഫ്ലാറ്റുകൾ വാങ്ങിയതിനു തെളിവുകൾ ഉണ്ടെന്ന് അൻവർ ആരോപിച്ചു. എഡിജിപിയുടെ കള്ളപ്പണ സമ്പാദനം എങ്ങനെയെന്ന് തെളിവുണ്ട്. 33 ലക്ഷം രൂപയ്ക്ക് കവടിയാറിൽ ഫ്ലാറ്റ് വാങ്ങിയതിനും രേഖകളുണ്ട്. 2016 ഫെബ്രുവരി 19നാണ് ഇത് വാങ്ങിയത്. ഇത് എങ്ങനെ വാങ്ങി, പണം എവിടെ നിന്ന് ലഭിച്ചു? ഫ്ലാറ്റ് മറിച്ചുവിറ്റ് നികുതി വെട്ടിപ്പ് നടത്തിയെന്നും അൻവർ ആരോപിച്ചു.

2016 ഫെബ്രുവരി 19ന് ഫ്ലാറ്റ് വാങ്ങിയത് 33 ലക്ഷം രൂപയ്ക്കാണ്. എന്നാൽ  മറിച്ചുവിറ്റത് 69 ലക്ഷത്തിനാണ്. സോളാർ കേസ് അട്ടിമറിക്കാൻ കിട്ടിയ പണമാണ് ഇതെന്നും അൻവർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി എഡിജിപി വിലയിൽ ക്രമക്കേട് നടത്തി. അജിത്ത് അധികാരം ദുർവിനിയോഗം ചെയ്തു. സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടും വിജിലൻസ് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ ആഞ്ഞടിച്ചു. ഇപ്പോൾ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ശശിയാണ്. സർക്കാരിനെ ചീഞ്ഞ അവസ്ഥയിലാക്കിയ ശശിയാണ്  ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശശിക്ക് മറ്റൊരു അജണ്ട ഉള്ളതായി സംശയിക്കുന്നതായും അൻവർ പറഞ്ഞു. എഡിജിപി-ആർഎസ്‌എസ്‌ കൂടിക്കാഴ്ചയ്ക്ക് ശശിയുടെ പിന്തുണയുണ്ടായിരുന്നു. പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവരോട് ശശിക്കെതിരെ പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഫലം കാണാത്തത് കൊണ്ടാണ് തുറന്നു പറഞ്ഞതെന്ന് അൻവർ ന്യൂസ് മലയാളം ക്രോസ് ഫയറിലും പറഞ്ഞിരുന്നു.

ഷാജൻ സ്കറിയ വയർലെസ് ചോർത്തിയ കേസ് ഒരു തലത്തിലും എത്തിയിട്ടില്ല. ഷാജൻ സ്കറിയെ സഹായിക്കുന്ന നിലപാട് ശശിയും എഡിജിപിയും സ്വീകരിച്ചു. കോഴിക്കോട് നിന്നും കാണാതായ മാമിയുടെ പക്കൽ എഡിജിപിയുടെ പണമുണ്ടോ എന്ന് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

SCROLL FOR NEXT