തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന പി വി അൻവർ കേരളത്തിൽ യു ഡി എഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.കേരളത്തിൽ തിരിച്ചെത്തിയാലുടൻ കോൺഗ്രസ്സ്, ലീഗ് നേതാക്കളെ കാണുമെന്നാണ് റിപ്പോർട്ട്.
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് പി. വി. അൻവർ തൃണമൂൽ കോണഗ്രസിൽ ചേർന്നത്. ഇടത് പിന്തുണയോടെ സ്വതന്ത്ര എംഎല്‍എ ആയി തുടങ്ങി, പിന്നീട് ഇടതിനോട് പിരിഞ്ഞ്, ഡിഎംകെ എന്ന സംഘടനയുണ്ടാക്കി, പിന്നാലെ, യുഡിഎഫിലേക്കെന്ന സൂചനയും നല്‍കി ഒടുവില്‍ തൃണമൂലിലെത്തുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് നിലമ്പൂര്‍ എംഎല്‍എയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സിപിഎം സൈബര്‍ സംഘങ്ങളുടേയും മന്ത്രിമാരുടേയും നേതാക്കളുടേയും മുഖ്യമന്ത്രിയുടെയും വരെ പ്രിയങ്കരനായിരുന്ന പി.വി അന്‍വര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതോടെയാണ് ഇടതു പക്ഷം അൻവറിനെ കയ്യൊഴിഞ്ഞത്.