NEWSROOM

താനൂർ കസ്റ്റഡി കൊലപാതം: നിർണായക വിവരങ്ങൾ പുറത്തുവിട്ട് പി.വി. അൻവർ എംഎൽഎ

എഡിജിപിയുമായുള്ള ഫോൺ സംഭാഷണമാണ് എംഎൽഎ പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

താനൂർ കസ്റ്റഡി കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പി.വി. അൻവർ എംഎൽഎ. എഡിജിപിയുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്ത ജിഫ്രിയെ കൊലപ്പെടുത്തണമെന്ന് കരുതിയിട്ടില്ലെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിൻ്റെ കസ്റ്റഡിയിൽ വെച്ച് 2023 ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്. 

പൊലീസ് മർദനത്തെ തുടർന്നായിരുന്നു ജിഫ്രിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ജിഫ്രിക്ക് ക്രൂര മർദനമേറ്റതായി തെളിവുകളുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. അതേസമയം, അമിത അളവിൽ മയക്ക് മരുന്ന് ഉപയോഗിച്ചതാണ് മരണകാരണം എന്നായിരുന്നു പൊലീസ് ഭാഷ്യം. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് സിബിഐക്ക് കൈമാറിയിരുന്നു.

അതേസമയം, സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നതായും പി.വി. അൻവർ എംഎൽഎ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

തൻ്റെ ജീവൻ അപകടത്തിലാണ്, എന്നാൽ പാർട്ടിക്കു വേണ്ടി മരിക്കാനും താൻ തയ്യാറാണെന്നും പി.വി. അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കാണുന്നത് പിതാവിനെ പോലെയാണ്. അദ്ദേഹത്തിനെതിരെ ആരോപണം ഉയരുന്നത് ഒരു മകനെന്ന നിലയിൽ കേട്ട് നിൽക്കാൻ സാധിക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു. എഡിജിപി അജിത് കുമാർ കൊലപാതകങ്ങൾ ചെയ്യിപ്പിച്ചതായും എഡിജിപിക്കും എസ്‌പി സുജിത് ദാസിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പി.വി. അൻവർ ആരോപിച്ചു. ഡാൻസാഫ് സംഘം പക്കാ ക്രിമിനലുകളാണ്. പൊലീസിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

SCROLL FOR NEXT