NEWSROOM

'പൊലീസ് സ്വര്‍ണം മുക്കി'; പിടിച്ചത് 900 ഗ്രാം, കസ്റ്റംസിനെ കാണിച്ചത് 524 ഗ്രാം മാത്രം: പി.വി. അൻവർ

2023ൽ വിദേശത്തുനിന്നെത്തിയ കുടുംബവുമായി സംസാരിക്കുന്ന വീഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

വിദേശത്തുനിന്നു കൊണ്ടുവരുന്ന സ്വർണം പൊലീസ് മുക്കുന്നുണ്ടെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് പി.വി. അൻവർ എംഎൽഎ. ഇന്ന് ചേർന്ന വാർത്തസമ്മേളനത്തിലാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. 2023ൽ വിദേശത്തുനിന്നെത്തിയ കുടുംബവുമായി സംസാരിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്.

പിടിച്ചെടുത്ത സ്വർണത്തിൽ പകുതിയും പൊലീസ് മോഷ്ടിച്ചെന്നാണ് വീഡിയോയിൽ കുടുംബം ആരോപിക്കുന്നത്. കസ്റ്റംസ് രേഖകളിൽ പറയുന്നതും പൊലീസ് പറയുന്നതും രണ്ടാണെന്നും കുടുംബം പറയുന്നുണ്ട്. പൊലീസ് പിടിച്ചെടുത്തത് 900 ഗ്രാമും കസ്റ്റംസ് രേഖകളിൽ അത് 524 ഗ്രാമുമാണ്.

"എയർപോർട്ടിനു പുറത്തുവെച്ചാണ് പൊലീസ് സ്വർണം പിടികൂടിയത്. പാസ്പോർട്ടു ഫോണും പിടിച്ചുവെച്ചു. ഒന്നരമാസത്തിനു ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിലെത്താനാണ് ആവശ്യപ്പെട്ടത്. അവിടെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് തൂക്കത്തിലെ വ്യത്യാസം മനസിലായത്"- കുടുംബം പറയുന്നു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിനെതിരെയും അൻവർ പ്രതികരിച്ചു. പിടിച്ചെടുക്കുന്ന സ്വർണം ഉരുക്കുമ്പോൾ തൂക്കം കുറയും എന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന്  ഒരു ഭാഗം പൊലീസ് മോഷ്ടിക്കുന്നതാണെന്ന ആരോപണം ശരിവെക്കുന്ന വീഡിയോയാണ് അൻവർ പുറത്തുവിട്ടത്.

പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടായിരുന്നു പി.വി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്.

SCROLL FOR NEXT