എംഎൽഎ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിലേക്ക് ചുവടുമാറിയ പി.വി. അൻവറിനെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അൻവർ യുഡിഎഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു.
യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഒരു ആഗ്രഹവും തനിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്നും സുധാകരൻ അറിയിച്ചു. പുനസംഘടന ചർച്ചകൾ നടക്കുന്നില്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ച് മാറണം എന്നില്ല. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഒരു ആഗ്രഹവും ഇല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എം.എൻ. വിജയന്റെ ആത്മഹത്യയിൽ തന്നെ ചോദ്യം ചെയ്യാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കെ. സുധാകരൻ പറഞ്ഞു. തനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് പൊലീസ് നേരിട്ട് ബോധ്യപ്പെടുത്തണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.