പി.വി. അൻവറിൻ്റെ പുതിയ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഒഫ് കേരളയുടെ (ഡിഎംകെ) പുതിയ ബോർഡുകൾ വേദിയിൽ. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഒഫ് കേരള എന്ന പേരിൽ തന്നെയാണ് മഞ്ചേരിയിൽ ബോർഡുകൾ ഉയർന്നത്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് മഞ്ചേരിയിൽ നടക്കുന്ന യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡിഎംകെയുടെ സഖ്യകക്ഷിയായി പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി അൻവർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പി.വി. അൻവർ ചെന്നൈയിലെത്തി ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ രാഷ്ട്രീയ സാധ്യതകൾ ചർച്ച ചെയ്യാനാണ് അൻവർ ചെന്നൈയിലെത്തിയതെന്നാണ് വിവരം. രാവിലെ ചെന്നൈയിലെത്തിയ അൻവർ മുതിർന്ന ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തിയതിൻ്റെ ചിത്രങ്ങൾ അൻവറിൻ്റെ അനുയായികൾ തന്നെ പുറത്ത് വിട്ടു.
ഇന്ന് വൈകിട്ടാണ് അൻവറിന്റെ പാർട്ടി നയ പ്രഖ്യാപനവും പൊതുയോഗവും നടക്കുക. സിപിഎമ്മും ഡിഎംകെയുമായി തമിഴ്നാട്ടിലും ദേശീയ തലത്തിലും സഹകരണം തുടരുന്നതിനിടെ, കൂടിക്കാഴ്ചയിൽ ഡിഎംകെ നേതാക്കൾ എന്ത് നിലപാട് എടുത്തുവെന്നത് സംബന്ധിച്ച് അൻവർ പ്രതികരിച്ചിട്ടില്ല.