ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ വിവാഹം ഡിസംബര്‍ 22ന്. ഹൈദരാബാദില്‍ നിന്നുള്ള വെങ്കട ദത്ത സായിയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രം സിന്ധു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഉദയ്പൂരില്‍ വെച്ചാണ് വിവാഹം. ഡിസംബര്‍ 20 ന് വിവാഹ ആഘോഷങ്ങള്‍ തുടങ്ങും. 22 നാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. വിവാഹ ശേഷം ഹൈദരാബാദില്‍ വിരുന്നും നടക്കും. രാജ്യത്തെ രാഷ്ട്രീയ-സാംസ്‌കാരിക-കായിക മേഖലയിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയടക്കമുള്ളവരെ വിവാഹത്തിന് ക്ഷണിക്കാനെത്തിയ പി.വി. സിന്ധുവിന്റെ ചിത്രങ്ങള്‍ നേരത്തേ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വെങ്കട ദത്ത സായിയുടെ കുടുംബവുമായി ഏറെ കാലത്തെ പരിചയമുണ്ടെന്ന് പി.വി. സിന്ധുവിന്റെ പിതാവ് പറയുന്നു. അടുത്ത വര്‍ഷം പരിശീലനവും മത്സരങ്ങളുമായി സിന്ധു തിരിക്കിലാകുമെന്നതിനാലാണ് ഈ വര്‍ഷം തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നും പിതാവ് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള പോസിഡക്‌സ് ടെക്‌നോളജീസ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വെങ്കട ദത്ത സായി.
2019 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യത്തേയും ഏക ഇന്ത്യന്‍ താരവുമാണ് പി.വി. സിന്ധു. ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇന്ത്യക്കു വേണ്ടി മെഡല്‍ നേടിയ താരം കൂടിയാണ്. 2016 റിയോ ഓളിമ്പിക്‌സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടി. 2016 ലെ നേട്ടത്തോടെ, ബാഡ്മിന്റണ്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിന്ധു സ്വന്തം പേരിലാക്കി.
ലോക ബാഡ്മിന്റണില്‍ അഞ്ച് മെഡലുകള്‍ നേടിയ സിന്ധു ഈ നേട്ടം കൈവരിക്കുന്ന രണ്ട് വനിതകളില്‍ ഒരാളാണ്. ചൈനയുടെ ഷാങ് നിംഗിനാണ് ഈ നേട്ടത്തിനൊപ്പമെത്തിയ മറ്റൊരു താരം.
ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്മെന്റ് എജ്യുക്കേഷനില്‍ നിന്ന് ലിബറല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്/ലിബറല്‍ സ്റ്റഡീസില്‍ ഡിപ്ലോമ നേടിയ വ്യക്തിയാണ് സിന്ധുവിന്റെ പ്രതിശ്രുത വരന്‍ വെങ്കട ദത്ത സായി. ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഡാറ്റാ സയന്‍സ് ആന്റ് മെഷിന്‍ ലേണിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.