ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അഭിഭാഷകരായ എസ്. രാജീവ്, എം. മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്.
താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, നാലാം പ്രതി അബ്ദുൽ നാസറിൻ്റെ റിമാൻഡ് കോടതി ഏപ്രിൽ ഒന്നു വരെ നീട്ടിയിരുന്നു. നേരത്തെ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്നാണ് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ വാദം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു ഷുഹൈബ് ആരോപണവുമായി രംഗത്തെത്തിയത്. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് ഷൂഹൈബ് ആരോപിച്ചത്.
കേസിന് പിന്നിൽ പ്രമുഖ സ്ഥാപനമുണ്ടെന്ന് ഷുഹൈബ് പറഞ്ഞു. കൃത്യമായ പ്ലാനോടുകൂടിയാണ് അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷനിലേക്ക് അയച്ചത്. നാട്ടിലെ പ്രാദേശിക നേതാവിന് ഇത് സംബന്ധിച്ച് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ സിഇഒ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ പരസ്യവുമായി ചാനൽ രംഗത്തെത്തിയതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.