NEWSROOM

ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച്

എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ചോദ്യപേപ്പർ ചോർച്ച കേസില്‍ എംഎസ് സൊല്യൂഷൻസിലെ രണ്ടു അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 30, 31 തീയതികളിൽ ഹാജരാകാനാണ് നിർദേശം.  കഴിഞ്ഞ രണ്ടു തവണയും അധ്യാപകർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി.

എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. നിലവില്‍‌ ഒളിവില്‍ കഴിയുന്ന ഷുഹൈബിനായുള്ള തിരച്ചില്‍ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. താൻ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും പ്രവചനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടി ഷുഹൈബ് മുന്‍കൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി ഈ മാസം 31ലേക്ക് മാറ്റി.

Also Read: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്

ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു.

SCROLL FOR NEXT