NEWSROOM

ചോദ്യപേപ്പര്‍ ചോർച്ച: എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്

എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. അധ്യാപകർ ഇന്നലെ ഹാജരാകാം എന്ന് അറിയിച്ചിരുന്നെങ്കിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായിരുന്നില്ല. എംഎസ് സൊല്യൂഷൻ അപ്‌ലോഡ് ചെയ്ത വീഡിയോകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ യൂട്യൂബിനോടും അന്വേഷണസംഘം ആവശ്യപ്പെട്ടു.

എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷുഹൈബിനായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിനായി അന്വേഷണ സംഘം ബ്യൂറോ ഓഫ് ഇമിഗ്രേഷനുമായി ചർച്ച ചെയ്ത് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടും, ഷുഹൈബ് ഹാജരാകാൻ തയ്യാറായിരുന്നില്ല. ഹാജരാകാത്തതിനാൽ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റിയിരുന്നു.

ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.

SCROLL FOR NEXT