NEWSROOM

ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, പണമിടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

സ്കൂൾതല പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച കേസിൽ എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എസ്ബിഐ, കനറാ ബാങ്കുകളുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകൾ വഴി നടത്തിയ പണമിടപാടുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഷുഹൈബിന്റെ ബന്ധു വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. ഷുഹൈബ് ഒളിവിലാണ്.

ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിനും പ്രോസിക്യൂഷനും തിരിച്ചടിയാകുന്നതായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ നടന്ന വാദങ്ങൾ. എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല. വിശ്വാസ വഞ്ചനയും ചതിയും നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.

ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു.

SCROLL FOR NEXT