NEWSROOM

"അശ്വിനെ ഒതുക്കാൻ ശ്രമിച്ചു, ചില സംസ്ഥാനങ്ങളിലെ കളിക്കാർക്ക് കൂടുതലവസരം"; വിമർശിച്ച് മുൻ ഇന്ത്യൻ താരം

അശ്വിൻ്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനത്തിൽ ഞെട്ടൽ അറിയിച്ചിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസം വിരമിച്ച രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കുറേ കാലമായി അസന്തുഷ്ടനായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. അശ്വിൻ്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനത്തിൽ ഞെട്ടൽ അറിയിച്ചിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ. അഞ്ച് സീസണുകളിൽ സിഎസ്‌കെയുടെ താരമായിരുന്നു അദ്ദേഹം.

"ഞാൻ ഞെട്ടലിലാണ്, സത്യം പറഞ്ഞാൽ അശ്വിനെ ടീമിൽ കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ല. പെർത്ത് ടെസ്റ്റിന് പിന്നാലെ തന്നെ അശ്വിൻ വിരമിക്കാനിരുന്നതാണ്. അശ്വിന് പകരമായി വാഷിങ്ടൺ സുന്ദറിനെ കളിപ്പിച്ചപ്പോൾ തന്നെ അദ്ദേഹം നിരാശനായിരുന്നു. അതിൽ നിന്ന് തന്നെ അദ്ദേഹം നിരാശനായിരുന്നുവെന്ന് കാണാം," സ്റ്റാർ സ്പോർട്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ ബദരീനാഥ് പറഞ്ഞു.

"ഏതാനും ചില സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് താരങ്ങൾക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കാറുള്ളത്. എന്നാൽ എല്ലാത്തരം പ്രയാസങ്ങളേയും മറികടന്ന് 500 വിക്കറ്റുകളുമായി അശ്വിൻ ഇതിഹാസ താരമായി മാറി. തമിഴ്‌നാട് ക്രിക്കറ്റിന് എല്ലാ തരത്തിലും ഇത് വലിയൊരു നേട്ടമാണ്. അശ്വിനെ ഒതുക്കാൻ പലവട്ടം ശ്രമമുണ്ടായി, എന്നാൽ അതിനെയെല്ലാം മറികടന്ന് അദ്ദേഹം തിരിച്ചടിച്ചു. അശ്വിനേക്കാൾ മുൻഗണന വാഷിങ്ടൺ സുന്ദറിന് നൽകാനാണ് ശ്രമമുണ്ടായത്. ഇതോടെയാണ് ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കാൻ അദ്ദേഹം തയ്യാറായത്. ഒന്നോർത്തു നോക്കൂ, അദ്ദേഹം എത്രമാത്രം സഹിച്ചുകാണും," ബദരീനാഥ് പറഞ്ഞു.

SCROLL FOR NEXT