പിടിയിലായവരിൽ ഒരാൾ 
NEWSROOM

ധനുഷിൻ്റെ 'രായൻ' മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; വ്യാജ പതിപ്പ് ഇറക്കുന്ന തമിഴ്നാട് സംഘം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം ഏരീസ് മൾട്ടിപ്ലക്സ് തിയറ്ററിൽ വെച്ചു തമിഴ് ചിത്രം 'രായൻ' മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് പ്രതികൾ കുടുങ്ങിയത്

Author : ന്യൂസ് ഡെസ്ക്

തിയേറ്ററുകളിൽ നിന്നും സിനിമയുടെ ദൃശങ്ങൾ പകർത്തി വ്യാജ പതിപ്പ് ഇറക്കുന്ന തമിഴ്നാട് സ്വദേശികൾ പിടയിൽ. മധുര സ്വദേശിയായ സ്റ്റീഫനും കൂട്ടാളിയുമാണ് പിടിയിലായത്. തിരുവനന്തപുരത്തെ തിയേറ്ററിൽ വച്ച് സിനിമ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെയാണ് പ്രതികളെ കാക്കനാട് പൊലീസ് പിടികൂടിയത്.  കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചു പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം ഏരീസ് മൾട്ടിപ്ലക്സ് തിയറ്ററിൽ വെച്ചു തമിഴ് ചിത്രം മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് പ്രതികൾ കുടുങ്ങിയത്. ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തിയേറ്റർ ജീവനക്കാർ മാനേജറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

നേരത്തെ ഗുരുവായൂരമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു. നിർമാതാവ് സുപ്രിയ മേനോൻ്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഘം വീണ്ടും സിനിമ ചിത്രീകരിക്കാൻ എത്തിയത്. കഴിഞ്ഞ തവണയും ഇതേ തിയേറ്ററിൽ വച്ച് ഇതേ സ്ഥാനത്തിരുന്നാണ് സംഘം സിനിമ ചിത്രീകരിച്ചത്. തുടർന്ന് ഈ സിറ്റിംഗ് പൊസിഷനിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സംഘം വീണ്ടും ഇതേ സീറ്റുകൾ ബുക്ക് ചെയ്തത്. ക്യാമറ ട്രൈപോഡിൽ സെറ്റ് ചെയ്തുകൊണ്ടായിരുന്നു ചിത്രീകരണം.

SCROLL FOR NEXT