NEWSROOM

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരം ഇന്ന്; നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതം

കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിലാണ് നടക്കുക

Author : ന്യൂസ് ഡെസ്ക്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി സ്ത്രീയായ രാധയുടെ സംസ്കാരം ഇന്ന്. രാധയുടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കി. പഞ്ചാരക്കൊല്ലിയില്‍ ഉള്‍പ്പെടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 100 അംഗ ആർആർടി സംഘം സജ്ജമാണ്. തെരച്ചിലിന് തെർമല്‍ ഡ്രോണുകളും ക്യാമറ ട്രാപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. മയക്കുവെടിവച്ച് പിടികൂടാനായില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു.

നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. രാധയെ കൊലപ്പെടുത്തിയ പ്രിയദർശനി എസ്റ്റേറ്റിന് സമീപത്ത് തന്നെ കടുവയുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കടുവ ഇന്നലെ സ്ഥാപിച്ച കൂട്ടിൽ കുരുങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതുകൊണ്ടാണ് തെരച്ചിൽ ഉച്ചയ്ക്കു ശേഷമാക്കുന്നത്.



ഇന്നലെ രാവിലെ 11 ഓടെയാണ് കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടത്. തോട്ടത്തിൽ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. പതിവ് പട്രോളിങ്ങിനിടെ തണ്ടര്‍ബോള്‍ട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയിൽ രാധയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വന്യ ജീവി ആക്രമണത്തിനെതിരെ പ്രദേശവാസികൾ വൻ പ്രതിഷേധവുമായി എത്തി. പ്രിയദർശിനി എസ്റ്റേറ്റ് ഓഫീസിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ മന്ത്രി ഒ. ആർ. കേളുവിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞുവച്ചിരുന്നു.

രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കടുവയെ മയക്കുവെടിവെച്ച് പിടികുടുമെന്നും മന്ത്രി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് കടുവയെ പിടികൂടാൻ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. 100ലധികം വരുന്ന വനം വകുപ്പ് ആർആർടിയുടെ തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്. ഉന്നത വനപാലക സംഘം സ്ഥലത്ത് തുടരുകയാണ്. വൈകിട്ടോടെ രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ മന്ത്രി ഒ. ആർ. കേളു കൈമാറി.


അതിനിടെ രാധയുടെ വിട്ടിലെത്തിയ കളക്ടർക്കു നേരെയും നാട്ടുകാർ പ്രതിഷേധമുയർത്തി. മരിച്ച രാധയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹം രാവിലെയോടെ പഞ്ചാരക്കൊല്ലിയിലെ വീട്ടിലെത്തിക്കും. 11 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കടുവ അക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ കോൺഗ്രസും എസ്‌ഡിപിഐയും ഇന്ന് പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT