മിനി നമ്പ്യാർ, കൊല്ലപ്പെട്ട സന്തോഷ് 
NEWSROOM

കണ്ണൂർ കൈതപ്രം വധക്കേസ്: രാധാകൃഷ്ണൻ്റെ ഭാര്യ അറസ്റ്റിൽ; മിനി നമ്പ്യാർക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചന കുറ്റം

കൊലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യ മിനി നമ്പ്യാരുമായി സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലാണ് പ്രതി സന്തോഷ് കൊലപാതകം നടത്തിയതെന്നായിരുന്നു എഫ്ഐആർ

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസിൽ മൂന്നാം പ്രതിയാണ് മിനി നമ്പ്യാർ. പ്രതിയെ റിമാൻഡ് ചെയ്തു. ബിജെപി കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു മിനി. ഇവർ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്. രാധാകൃഷ്ണനെ കൊലപ്പെടുത്തിയ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു.

മിനി നമ്പ്യാരുമായി സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലാണ് പ്രതി സന്തോഷ് കൊലപാതകം നടത്തിയതെന്നായിരുന്നു എഫ്ഐആർ. രാധാകൃഷ്ണൻ്റെ മരണത്തിന് പിന്നാലെ ഭാര്യയെ കൂടി പ്രതി ചേർക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് രാധാകൃഷണൻ്റെ ഭാര്യാമാതാവിൻ്റെ വീടിന് സമീപത്തു നിന്ന് ലഭിച്ചതും ഭാര്യയുടെ സമൂഹമാധ്യമ പോസ്റ്റുകളുമാണ് സംശയത്തിന് ഇടയാക്കിയത്.

മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതി സന്തോഷ്, രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. ഇത് സാധൂകരിക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിനൊപ്പമാണ് രാധാകൃഷണൻ്റെ ഭാര്യക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന സംശയം ഉയർന്നത്. പിന്നാലെയാണ് അറസ്റ്റ്.

രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീട്ടിലെത്തുന്ന സമയം പ്രതി എങ്ങനെ കൃത്യമായി അറിഞ്ഞു, ഭാര്യയുടെ അമ്മയുടെ വീടിന് സമീപത്ത് നിന്നും തോക്ക് എങ്ങനെ ലഭിച്ചു, തുടങ്ങിയ സംശയങ്ങളാണ് മിനി നമ്പ്യാരിലേക്ക് വിരൽ ചൂണ്ടിയത്. കൊലപാതകത്തിന് മുൻപുള്ള സന്തോഷിൻ്റെയും രാധാകൃഷ്ണൻ്റെ ഭാര്യയുടേയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൊലപാതകത്തിലേക്ക് നയിക്കുന്ന ചില സൂചനകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.


മാർച്ച് 20 ന് വൈകീട്ടോടെയായിരുന്നു ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന 49കാരനായ രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. രാധാകൃഷ്ണനെ ഇന്ന് കൊലപ്പെടുത്തും എന്ന ധ്വനിയുള്ള പോസ്റ്റ്, സന്തോഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. "കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ് " എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിട്ട് ഒരു മണിക്കൂറിന് ശേഷമാണ് കൊലപാതകം നടന്നത്.

നിർമാണത്തിലിരിക്കുന്ന വീടിന്റെ ഇഷ്ടിക നനയ്ക്കാനായി കുട്ടിയോടൊപ്പം എത്തിയപ്പോഴാണ് രാധാകൃഷ്ണനെ മദ്യലഹരിയിലെത്തിയ സന്തോഷ് വെടിവെച്ചത്. ആദ്യ വെടിയേറ്റയുടന്‍ തന്നെ രാധാകൃഷ്ണന്‍ മരിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

SCROLL FOR NEXT