NEWSROOM

അന്ന് റഫീക്ക ബീവി ഇന്ന് ഗ്രീഷ്മ; കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ട് സ്ത്രീകള്‍

37 പേരാണ് നിലവിൽ കേരളത്തിൽ വധശിക്ഷ കാത്ത് ജയിലുകളിലുള്ളത്

Author : ന്യൂസ് ഡെസ്ക്

അപൂർവമായാണ് കേരളത്തിൽ വനിതാ കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചിട്ടുള്ളത്. അപൂർവം എന്ന് പറഞ്ഞാൽ പോര അപൂർവങ്ങളിൽ അപൂർവം. പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് ശിക്ഷിക്കപ്പെട്ട ​ഗ്രീഷ്മയാണ് കേരളത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയുമാണ് ​ഗ്രീഷ്മ. കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസ് പ്രതി ബിനിത, ശാന്തകുമാരി വധക്കേസ് പ്രതി റഫീക്ക ബീവി എന്നിവർക്കാണ് ഇതിനു മുമ്പ് വധശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാല്‍  കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച ബിനിതയുടെ വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. റഫീക്ക ബീവി മാത്രമാണ് നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കേരളത്തിലെ ജയിലുകളിലുള്ളത്.

നെയ്യാറ്റിൻകര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറാണ് ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ വിധിച്ചത്. ഐപിസി 302 (കൊലപാതകം), ഐപിസി 364 (കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍), ഐപിസി 328(ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക), ഐപിസി 203 (അന്വേഷണത്തെ വഴിത്തിരിച്ച് വിടുക) എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയത്.  റഫീക്ക ബീവിയെ വധശിക്ഷയ്ക്കു വിധിച്ചതും ഇതേ കോടതിയും ഇതേ ജഡ്ജിയുമാണ്. 2022ല്‍ വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലായിരുന്നു വിധി. ശാന്തകുമാരിയെ ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചു ചുറ്റികകൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. റഫീക്ക ബീവിക്കൊപ്പം മകന്‍ ഷഫീക് (25) , സുഹൃത്ത് അല്‍ അമീന്‍ (28) എന്നിവർക്കും കേസില്‍ വധശിക്ഷ  വിധിച്ചിരുന്നു. കേസന്വേഷണത്തില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും റഫീക്കയും ഷഫീക്കും പ്രതികളാണെന്ന് കണ്ടെത്തി. 

37 പേരാണ് നിലവിൽ കേരളത്തിൽ വധശിക്ഷ കാത്ത് ജയിലുകളിലുള്ളത്. കണ്ണൂർ സെന്‍ട്രൽ ജയിൽ (4), വിയ്യൂർ സെൻട്രൽ ജയിൽ (5), വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ (3), തിരുവനന്തപുരം സെൻട്രൽ ജയിൽ, തിരുവനന്തപുരം വനിതാ ജയില്‍ (1) എന്നിവിടങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾക്കാണ് അവസാനം വധശിക്ഷ ലഭിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലുള്ള ജിഷ കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആലുവയിലെ കുഞ്ഞിനെ കൊന്ന കേസിലെ പ്രതി അസ്ഫാക് ആലം, വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ റജികുമാർ, അബ്ദുൽ നാസർ, തോമസ് ചാക്കോ എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ ചിലർ.

സംസ്ഥാനത്ത് കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കാറുണ്ടെങ്കിലും വിധി നടപ്പാക്കുന്നത് കുറവാണ്. അതുകൊണ്ട് കേരളത്തില്‍ ആരാച്ചാർ എന്ന തസ്തികയുമില്ല. 1991ൽ കണ്ണൂർ സെൻട്രൽ ജയിലില്‍ വച്ച് റിപ്പർ ചന്ദ്രനെയാണ് അവസാനമായി തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  പ്രതികളിൽ ഭൂരിഭാഗവും നൽകിയ അപ്പീലുകൾ വിവിധ കോടതികളുടെ പരിഗണനയിലാണ്.

SCROLL FOR NEXT